മലപ്പുറം: കോട്ടയ്ക്കലില്‍ നവവരനെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന സംഭവത്തില്‍ വഴിത്തിരിവ്. മര്‍ദനത്തിനിരയായ യുവാവിനെതിരേ ഭാര്യ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവിനെതിരേ പീഡനക്കേസ് നല്‍കിയിട്ടും കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും പകരം തന്റെ പിതാവ് അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

കഴിഞ്ഞമാസമാണ് കോട്ടയ്ക്കലില്‍ നവവരനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തലാഖ് ചൊല്ലാന്‍ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു നവവരനായ യുവാവിന്റെ പരാതി. സംഭവത്തില്‍ വധുവിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് കള്ളക്കേസാണെന്നും ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായതെന്നും വെളിപ്പെടുത്തിയാണ് യുവാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

ഭര്‍ത്താവില്‍നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും തന്നെ ഇരയാക്കി. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തെങ്കിലും ഭര്‍ത്താവിനെതിരേ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. 

വിവാഹസമയത്ത് 44 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നല്‍കിയത്. ഇതെല്ലാം ഭര്‍ത്താവ് കൈക്കലാക്കി. പിന്നീട് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് മര്‍ദനം പതിവായിരുന്നു. ഇത്തരം സംഭവങ്ങളില്‍ പലരും ആത്മഹത്യ ചെയ്യുമ്പോള്‍ പൊരുതാനാണ് തന്റെ തീരുമാനമെന്നും നീതിക്കായി ഏതറ്റംവരെയും പോകുമെന്നും യുവതി പറഞ്ഞു. മുത്തലാഖ് ചൊല്ലാന്‍ നിര്‍ബന്ധിച്ചെന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നുമുള്ള പരാതി വ്യാജമാണെന്ന് യുവതിയുടെ പിതാവും ആരോപിച്ചു. 

Content Highlights: newly wed man attacked in kottakkal malappuram allegations by his wife