ഏറ്റുമാനൂര്‍: ആദ്യഭാര്യ അന്വേഷിച്ചെത്തിയേപ്പോള്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട രണ്ടാം ഭാര്യയുമായി യുവാവ് നാടുവിട്ടു. രണ്ടാമത് കല്യാണം കഴിച്ച യുവതിയോട് ഇയാള്‍ ആദ്യവിവാഹ വിവരം മറച്ചുവെച്ചിരുന്നു.

കണ്ണൂര്‍ സ്വദേശി എന്ന് പരിചയപ്പെടുത്തിയ വിനോദ് ആണ് ശനിയാഴ്ച ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുമായി നാടുവിട്ടത്.

ജൂണ്‍ 14-നാണ് ഏറ്റുമാനൂര്‍ സ്വദേശിനിയുമായുള്ള ഇയാളുടെ വിവാഹം നടന്നത്. രണ്ടുമാസം മുമ്പ് ഫെയ്സ്ബുക്ക് വഴിയാണ് ഇയാളും യുവതിയും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരോട് വീട് കണ്ണൂരിലാണ്, വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് കൊറോണയുടെ മറവില്‍ 14-ന് ഇയാളുടെ സുഹൃത്തുക്കളുമായെത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടില്‍ വിവാഹം നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചു വരുകയായിരുന്നു.

ഇയാളുടെ തിരുവല്ല സ്വദേശിയായ ആദ്യഭാര്യ ഏറ്റുമാനൂരിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിനോദ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി.

Content Highlights: newly wed couple went missing from ettumanoor