ബെംഗളൂരു: അമ്മയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ തട്ടിയെടുത്തതിന് ശേഷം 55,000 രൂപയ്ക്ക് വില്‍പ്പന നടത്തിയ സര്‍ക്കാര്‍ ആശുപത്രി ഡോക്ടറും രണ്ടു നഴ്സുമാരും അറസ്റ്റില്‍. ചിക്കമഗളൂരു എം.എസ്. ഡി.എം. ആശുപത്രിയിലെ ഡോക്ടര്‍ ബാലകൃഷ്ണ (44), നഴ്സുമാരായ ശോഭ (37), രേഷ്മ (34) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കൊപ്പം കുട്ടിയെ വാങ്ങിയ പ്രേമ (33) എന്ന യുവതിയെയും കൊപ്പ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ ഡോക്ടര്‍ കുഞ്ഞിനെ വിറ്റെന്നും ആശുപത്രി രേഖകളില്‍ കൃത്രിമം കാട്ടിയെന്നും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം. ശിവമോഗ തീര്‍ഥഹള്ളി സ്വദേശിയായ അവിവാഹിതയെ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ബാലകൃഷ്ണയാണ് ഇവര്‍ക്ക് ചികിത്സനല്‍കിയത്. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കകം യുവതി പ്രസവിച്ചു.
എന്നാല്‍ വിവാഹം കഴിക്കാതെ പ്രസവിക്കുന്നത് ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് പ്രാഥമികവിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത യുവതിയെ ബാലകൃഷ്ണ തെറ്റിദ്ധരിപ്പിച്ചു. കുഞ്ഞിനെ ആശുപത്രിയില്‍ത്തന്നെ ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ പോലീസിനെ അറിയിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഭയന്ന യുവതി കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുകയായിരുന്നു.
ഇതിനിടെ പ്രേമയ്ക്ക് കുഞ്ഞിനെ വിറ്റ് 55,000 രൂപ വാങ്ങിയ ബാലകൃഷ്ണ 5000 രൂപ യുവതിക്ക് നല്‍കി. നഴ്സുമാരായ ശോഭയുടെയും രേഷ്മയുടേയും സഹായത്തോടെ കുഞ്ഞിന്റെ അമ്മയുടെ പേരിന്റെ കോളത്തില്‍ പ്രേമയെന്ന് രജിസ്റ്ററില്‍ ചേര്‍ത്തു. പിന്നീട് വിഷാദരോഗം ബാധിച്ച കുഞ്ഞിന്റെ അമ്മയെ ഒരു സന്നദ്ധസംഘടന കണ്ടെത്തിയതോടെയാണ് കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നത്. സന്നദ്ധസംഘടന ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസമാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് പോലീസിന് കൈമാറിയതോടെയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.
Content Highlights: newborn baby sold by doctor and nurses in karnataka