മലപ്പുറം: കൂട്ടിലങ്ങാടിയില്‍ നവജാതശിശുവിനെ മാതൃസഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൂട്ടിലങ്ങാടി പാറടിയിലെ നബീലയുടെ നവജാതശിശുവിനെയാണ് സഹോദരന്‍ ശിഹാബ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നബീലയുടെ സമ്മതത്തോടെയായിരുന്നു കൊലപാതകം. 

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് നബീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനുപിന്നാലെയാണ് ഞായറാഴ്ച രാത്രി നബീലയുടെ സഹോദരന്‍ ശിഹാബ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ നബീലയും സമ്മതിച്ചിരുന്നു. എന്നാല്‍ കൃത്യം നടത്തുന്നതിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വീട്ടിലെത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. 

തലയും ഉടലും വേര്‍പെട്ടനിലയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ശിഹാബ് കുറ്റംസമ്മതിച്ചു. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന നബീല പ്രസവിച്ചപ്പോള്‍ കുടുംബത്തിനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശിഹാബ് പോലീസിനോട് വെളിപ്പെടുത്തി. നവജാതശിശുവിന്റെ കൊലപാതകത്തില്‍ നബീലയ്ക്കും ശിഹാബിനുമെതിരെ പോലീസ് കേസെടുത്തു. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതരക്തസ്രാവത്തെത്തുടര്‍ന്ന് നബീലയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കഴിഞ്ഞദിവസം കോഴിക്കോട് ബാലുശേരിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബാലുശേരി പാറമുക്ക് സ്വദേശിനി റിന്‍ഷയാണ് പ്രസവിച്ചയുടന്‍ പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. ഈ സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്പേയാണ് മലപ്പുറത്തും മാതാവും സഹോദരനും ചേര്‍ന്ന് നവജാതശിശുവിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തുവന്നത്.