കാഞ്ഞിരപ്പള്ളി: നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിലെ ശൗചാലയത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്തുമലയില്‍ സുരേഷ്, നിഷ ദമ്പതിമാരുടെ ആറാമത്തെ കുട്ടിയെയാണ് മരിച്ചത്. നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. തനിയെ നടക്കാനും ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവസമയത്ത് അമ്മ നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് പണിക്കു പോയിരിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ആശാവര്‍ക്കറെ അറിയിച്ചു. തുടര്‍ന്ന് ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയ നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

മരിച്ച കുട്ടിയെ കൂടാതെ ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. 15, അഞ്ച്, മൂന്ന് വയസ്സുകള്‍ വീതമുള്ള മൂന്നുപെണ്‍കുട്ടികളും, ഒന്‍പത്, ഒന്നര വയസ്സ് വീതമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ഒരുമുറിയും അടുക്കളയും ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അയല്‍വാസികളുമായി വലിയ ബന്ധമില്ലാതിരുന്ന ഇവര്‍ ഗര്‍ഭിണിയായിരുന്നതും കുട്ടിയുണ്ടായ വിവരവും അയല്‍വാസികളില്‍ നിന്ന് മറച്ച് വെച്ചിരുന്നു. ബുധനാഴ്ച രാവിലെ വീടിനുള്ളില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്ന് പറഞ്ഞ് വീട്ടില്‍ കയറ്റാതെ തിരിച്ച് അയച്ചു.

ശൗചാലയത്തില്‍ വെള്ളം ശേഖരിക്കാന്‍ വെച്ചിരുന്ന മുകള്‍ ഭാഗം മുറിച്ച പാത്രത്തിലാണ് മൃതദേഹം കിടന്നത്. നിറുത്താതെ കരഞ്ഞ് കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ മറവ് ചെയ്യാന്‍ മൂത്തകുട്ടിയെ കൊണ്ട് കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലൊളിപ്പിക്കുകയായിരുന്നെന്ന് അമ്മ നല്‍കിയ പ്രാഥമിക മൊഴിയില്‍ പറയുന്നു. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു.

ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം

കുടുംബത്തിലെ ഏഴുപേര്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്. 

കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാര്‍ഡംഗം പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നല്‍കിയിരുവെന്ന് അധ്യാപകര്‍ പറയുന്നു. നിഷ ഗര്‍ഭിണിയായിരുന്ന വിവരം അയല്‍വാസികളില്‍നിന്നും സ്‌കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാര്‍പോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാര്‍ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാന്‍ കൂട്ടംകൂടി.

ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം

നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തറിയാന്‍ കാരണമായത് അയല്‍വാസിയുടെ ഇടപെടല്‍. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോള്‍ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചില്‍ കേട്ട് സംശയം തോന്നിയ ഇവര്‍ അയല്‍വാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാര്‍ഡിലെ ആശാവര്‍ക്കര്‍ ശാലിനിയെ സംഭവം അറിയിച്ചു.

 ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടില്‍ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കരും ചേര്‍ന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.

Content Highlights; Newborn baby found dead in the toilet of Kanjirappally home