കോഴിക്കോട്: നഗരത്തില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി ഹാഷിഷും എല്‍.എസ്.ഡി.യും കഞ്ചാവും സഹിതം മൂന്നുയുവാക്കള്‍ അറസ്റ്റില്‍. പുതുവത്സരാഘോഷങ്ങളുടെ മറവില്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നഗരത്തിലെത്തിച്ച ലഹരിവസ്തുക്കളാണ് ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) നടക്കാവ്, മെഡിക്കല്‍ കോളേജ് പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

മാറാട് അരക്കിണര്‍ തെക്കെപുറത്ത് ഹംസ മന്‍സില്‍ എന്‍.പി. റിനീഷ് (22), കണ്ണഞ്ചേരി തടനിലംപറമ്പ് ഒ.വി.റൗഫ് (19) എന്നിവരാണ് 24 ഗ്രാം എല്‍.എസ്.ഡി. ഷുഗര്‍ ക്യൂബ്, 358 ഗ്രാം ഹാഷിഷ് എന്നിവയുമായി കെ.എസ്.ആര്‍ ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പിടിയിലായത്. വിനോദയാത്രയ്‌ക്കെന്ന പേരില്‍ ഗോവയില്‍ പോയി മടങ്ങിയെത്തിയ സമയത്താണ് ഇരുവരെയും പോലീസ് പിടികൂടിയത്. മറ്റൊരു സംഭവത്തില്‍ 4.38 കിലോഗ്രാം കഞ്ചാവുമായി പയ്യാനക്കല്‍ മാണിക്കത്താഴംപറമ്പ് സ്വദേശി അന്‍വര്‍ സാദത്ത് (റൂണി-25) പിടിയിലായി. കോട്ടൂളി ചെമ്പ്ര പാലത്തിന് സമീപത്തുവെച്ചായിരുന്നു അറസ്റ്റ്. നേരത്തേ 2.30 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായതിനെത്തുടര്‍ന്ന് റിമാന്‍ഡിലായ അന്‍വര്‍ സാദത്ത് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

കോഴിക്കോട് സിറ്റി നോര്‍ത്ത് എ.സി.പി. ഇ.പി. പൃഥ്വിരാജന്റെ മേല്‍നോട്ടത്തില്‍ നടക്കാവ് എസ്.ഐ. എസ്. സജീവ്, മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ള, നടക്കാവ് എ.എസ്.ഐ. അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ. ശശികുമാര്‍, ബൈജു, സി.പി.ഒ. സബീഷ്, മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ എ.എസ്.ഐ. പി.കെ.ജ്യോതി, സി.പി.ഒ. പ്രബീഷ്, സനിത്ത്, ഡെന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ. അബ്ദുള്‍ മുനീര്‍, കെ.രാജീവന്‍, എം.മുഹമ്മദ് ഷാഫി, എം.സജി, കെ.അഖിലേഷ്, കെ.എ. ജോമോന്‍, എന്‍.നവീന്‍, എം.ജിനേഷ്, കെ.രജിത്ത്ചന്ദ്രന്‍, എം.ജിനേഷ്, എ.വി.സുമേഷ്, പി.സോജി, എം.കെ.രതീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Content Highlight: New year celebration: 3 arrested drug with Calicut