ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി സമ്പാദിച്ച അധ്യാപിക ഒരു കോടിയോളം രൂപ ശമ്പളമായി തട്ടിയെടുത്തെന്ന കേസില്‍ വഴിത്തിരിവ്. ജോലി സമ്പാദിച്ച് പണം തട്ടിയെന്ന് പറയുന്ന അനാമിക ശുക്ലയുടെ പേരും രേഖകളും ഉപയോഗിച്ച് മറ്റുചിലരാണ് ജോലി നേടി ശമ്പളം വാങ്ങിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജോലിക്കായി നല്‍കിയ രേഖകളില്‍ പറയുന്ന അനാമിക ശുക്ല നിലവില്‍ ജോലിയൊന്നുമില്ലാത്തയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വന്‍ക്രമക്കേടിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ  'യഥാര്‍ഥ' അനാമിക ശുക്ല തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. താനാണ് യഥാര്‍ഥ അനാമിക ശുക്ലയെന്നും തന്റെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും തന്റെ അനുവാദമില്ലാതെ മറ്റുചിലര്‍ തട്ടിപ്പിന് ഉപയോഗിച്ചെന്നുമാണ് ഇവരുടെ അവകാശവാദം. 

2017-ല്‍ ഉത്തര്‍ പ്രദേശിലെ അഞ്ച് ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ താന്‍ സയന്‍സ് അധ്യാപികയുടെ ഒഴിവിലേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ എവിടെയും ജോലി ലഭിച്ചില്ല. കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് തന്റെ രേഖകളാണ് തട്ടിപ്പിന് ഉപയോഗിച്ചതായി മനസിലായത്. അതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി വിവരങ്ങള്‍ ധരിപ്പിച്ചതെന്നും അനാമിക ശുക്ല പറഞ്ഞു. 

സംഭവത്തില്‍ അനാമിക ശുക്ലയുടെ രേഖകള്‍ ചിലര്‍ തട്ടിപ്പിന് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഇന്ദ്രജിത് പ്രജാപതിയും പ്രതികരിച്ചു. അതേസമയം, തട്ടിപ്പ് നടന്നതായി സമ്മതിച്ചെങ്കിലും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിയല്ലെന്നാണ് യു.പി. സര്‍ക്കാരിന്റെ നിലപാട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഗ്പത്തിലാണ്‌ അനാമിക ശുക്ലയ്‌ക്കെതിരേ ആദ്യ പരാതി രജിസ്റ്റര്‍ ചെയ്തത്. അന്നുതന്നെ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതായും മന്ത്രി സതീശ് ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. 

അനാമിക ശുക്ലയുടെ പേരിലുള്ള രേഖകള്‍ ഉപയോഗിച്ച് വിവിധ ജില്ലകളിലെ ഒമ്പത് സ്‌കൂളുകളില്‍ അധ്യാപക നിയമനം നേടിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ ആറ് സ്‌കൂളുകളില്‍നിന്നായി കഴിഞ്ഞ വര്‍ഷം അനാമിക ശുക്ലയുടെ പേരില്‍ 12 ലക്ഷത്തോളം രൂപ ശമ്പളമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ശനിയാഴ്ച അനാമിക ശുക്ല എന്ന പേരില്‍ കാസ്ഗഞ്ചിലെ ഒരു സ്‌കൂളില്‍ ജോലിചെയ്തിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിയ എന്നായിരുന്നു ഇവരുടെ യഥാര്‍ഥ പേര്. രാജ് എന്നയാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയാണ് താന്‍ ജോലി നേടിയതെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. 

Content Highlights: new twist in anamika shukla teacher fraud case uttar pradesh