മഞ്ചേരി: സൈബർതട്ടിപ്പുകേസിൽ മഞ്ചേരി പോലീസ് പിടികൂടിയ രണ്ടു മഹാരാഷ്ട്രാ സ്വദേശികളുടെ പേരിൽ എറണാകുളം തൃക്കാക്കര പോലീസും കേസെടുത്തു. 'മിസ്റ്റീരിയസ് ഹാക്കേഴ്സ് ' എന്ന തട്ടിപ്പുസംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.

കേന്ദ്രസർക്കാർസ്ഥാപനത്തിൽ ജോലിചെയ്യുന്ന ശാസ്ത്രജ്ഞന്റെ അക്കൗണ്ടിൽനിന്ന് ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്. താനെ സ്വദേശി ഭരത് ഗുർമുഖ് ജതാനി (20), നവിമുംബൈ സ്വദേശി ക്രിസ്റ്റഫർ (20) എന്നിവരെയാണ് രണ്ടാഴ്ചമുമ്പ് മഞ്ചേരി പോലീസ് മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയത്.

ബാങ്ക് അക്കൗണ്ടുകളും ഓൺലൈൻ പണമിടപാട് സംവിധാനങ്ങളും ഹാക്കുചെയ്താണ് തട്ടിപ്പുനടത്തിയിരുന്നത്. സംഘത്തിലെ കൂടുതൽപ്പേരെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി ഇവരിൽനിന്ന് പിടികൂടിയ ലാപ്ടോപ്പും മൊബൈൽഫോണുകളും പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ തട്ടിപ്പ് സംഘം നടത്തിയെന്നതിന്റെ സൂചന ലഭിച്ചത്.

പ്രതികളുടെ വിവരങ്ങൾ രാജ്യത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അന്വേഷണ ഏജൻസികൾക്കും കൈമാറിയിരുന്നു. ശാസ്ത്രജ്ഞന്റെ അക്കൗണ്ടിൽനിന്നു പണംകവർന്ന സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

വിവിധ ഫിഷിങ് വെബ്സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും പാസ്വേഡും തട്ടിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക്ചെയ്യുകയും വ്യാജ വിലാസങ്ങൾ നല്കി ഗിഫ്റ്റ് വൗച്ചറുകളും മറ്റും വാങ്ങുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈൻവഴി വില്പന നടത്തിയാണ് പ്രതികൾ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഇതര വ്യക്തികളുടെ തിരിച്ചറിയൽരേഖകൾ ഉപയോഗിച്ച് എടുത്ത സിംകാർഡുകളും വ്യാജ ഐ.പി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ ഹാക്കിങ് നടത്തിവന്നിരുന്നത്.

ഏറെ ശ്രമങ്ങൾക്കൊടുവിലാണ് പ്രതികളെ പോലീസ് സാഹസികമായി മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയത്. കൂടുതൽ ചോദ്യംചെയ്യാൻ തൃക്കാക്കര പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ അറസ്റ്റുചെയ്ത അന്വേഷണഉദ്യോഗസ്ഥർക്ക് ഡി.ജി.പി. പാരിതോഷികം നല്കിയിരുന്നു.

Content Highlights:new cyber case against mysterious hackers