മാനന്തവാടി: വയനാട് പനമരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായത് മൂന്ന് മാസത്തിന് ശേഷം. കൊല്ലപ്പെട്ട ദമ്പതികളുടെ അയല്‍വാസി താഴെ നെല്ലിയമ്പം കുറുമ കോളനിയിലെ അര്‍ജുന്‍ (24) ആണ് പിടിയിലായത്. മൂന്ന് മാസമായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. മുഖംമൂടിധാരികളായ രണ്ടംഗസംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പത്മാവതി കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ഇതനുസരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്.

ജൂണ്‍ മാസം പത്താം തീയതി രാത്രി 8.30-ഓടെയായിരുന്നു കൊലപാതകം നടന്നത്. പത്മാവതിയുടെ അലര്‍ച്ചകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കുത്തേറ്റ് ബോധരഹിതനായി വീടിന്റെ ഒന്നാം നിലയിലെ ഹാളില്‍ക്കിടക്കുന്ന കേശവനെയാണ് കാണുന്നത്. പത്മാവതി കഴുത്തില്‍ തുണികൊണ്ട് പൊത്തിപ്പിടിച്ച് ആരെയോ ഫോണ്‍ ചെയ്യുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കേശവന്‍ മരണപ്പെട്ടിരുന്നു. ഗുരുതരപരിക്കേറ്റ പത്മാവതി രാത്രി 12 മണിയോടെ ശസ്ത്രക്രിയക്ക് വിധേയമാക്കുംമുമ്പേ മരിച്ചു.

കാപ്പിത്തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട് 

ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിന് നടുവിലാണ് കേശവനും പത്മാവതിയും താമസിച്ചിരുന്ന വീട്. റോഡിന്റെ താഴെഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. അടുത്ത് അധികം വീടുകളില്ല. താഴത്തെ നിലയില്‍നിന്നാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കേശവന്‍ വീണുകിടക്കുകയായിരുന്നു. പത്മാവതിക്കും വെട്ടേറ്റിരുന്നു. താഴെ നെല്ലിയമ്പം-കാവടം റോഡിലെ ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിനകത്താണ് ഇവരുടെ വീട്. റോഡില്‍നിന്ന് 200 മീറ്ററോളം മാറിയാണ് വീട് സ്ഥിതി ചെയ്യുന്നത്. റോഡരികിലായി ഗേറ്റുണ്ട്. വഴിവക്കിലായി ധാരാളം കുടുംബങ്ങളുണ്ട്. ഇവരുടെ വീടിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ ഏതാനും വീടുകളുമുണ്ട്.

നിലവിളികേട്ട് ഓടിയെത്തി നാട്ടുകാര്‍

പത്മാവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാരായ പി.കെ. ശശിയും വി.കെ. പ്രസാദും ഓടിയെത്തിയത്. പാതി തുറന്ന വാതിലിനരികെ സാരിത്തുമ്പുകൊണ്ട് കഴുത്തിനുതാഴെ പൊത്തിപ്പിടിച്ച് ആരെയോ ഫോണില്‍ വിളിക്കുന്ന പത്മാവതിയെയാണ് ആദ്യംകണ്ടതെന്ന് ഇവര്‍ പറഞ്ഞിരുന്നു. വിജിലന്‍സിലെ ഉദ്യോഗസ്ഥനായ അജിത്തും അവിടെ എത്തിയിരുന്നു. ചോരയില്‍ കുളിച്ച പത്മാവതിയെ കണ്ട് പരിഭ്രാന്തിയിലായ ഇവര്‍ വീടിന്റെ ഒന്നാം നിലയിലെ ഹാളിന്റെ ഓരത്ത് വെട്ടേറ്റ് ബോധരഹിതനായി കിടക്കുന്ന കേശവനെയാണ് പിന്നീട് കണ്ടത്. ആംബുലന്‍സില്‍  രണ്ടു പേരെയും മാനന്തവാടിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുംമുമ്പേ കേശവന്‍ മരിച്ചു. ശസ്ത്രകിയയ്ക്ക് വിധേയയാക്കാനിരിക്കെ പത്മാവതിയും മരിച്ചു. 

വ്യാപക തിരച്ചില്‍ നടത്തി പോലീസ് 

സംഭവം നടന്ന അന്നു രാത്രി മുഴുവന്‍ പരിസരങ്ങളില്‍ പോലീസും നാട്ടുകാരും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ശാസ്ത്രീയതെളിവുകള്‍ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു. തുടര്‍ന്ന്, വീടിനരികിലെ ഏണിയില്‍നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍നിന്ന് രക്തക്കറയുള്ള ഒരു തുണിയും പോലീസിന് ലഭിച്ചു. വീടിനകത്തുനിന്ന് ഒരു സിഗരറ്റിന്റെ കൂടും കണ്ടെടുത്തു. വീടിന്റെ പിറകുവശത്തെ ജനലഴി ഊരിമാറ്റപ്പെട്ടിരുന്നു. ഇത് തോട്ടത്തില്‍നിന്ന് പോലീസിന് ലഭിച്ചിരുന്നു. 

നെല്ലിയമ്പത്തെയും പരിസരത്തെയും മുഴുവന്‍ കുടുംബങ്ങളെയും പോലീസ് പലതവണ ചോദ്യംചെയ്തിരുന്നു. അതിഥിതൊഴിലാളികള്‍, ജയില്‍പുള്ളികള്‍, ആശുപത്രി ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവരെയെല്ലാം പലകുറി ചോദ്യംചെയ്തു. അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്തു. സമീപത്ത് ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങളും 80,000-ത്തോളം ഫോണ്‍കോളുകളും പരിശോധിച്ചിരുന്നു.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, എലി വിഷം കഴിച്ചു

കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അര്‍ജുന്‍ വിഷം കഴിച്ചിരുന്നു. അന്വേഷണസംഘം അര്‍ജുനെ ചോദ്യംചെയ്യാനായി മാനന്തവാടി ഡിവൈ.എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യംചെയ്യലിനിടെ ശൗചാലയത്തില്‍ പോകണമെന്നു പറഞ്ഞ അര്‍ജുന്‍ അവിടെനിന്ന് ഓടി, കൈയില്‍ക്കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ജുനെ പോലീസ് വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ജുന്റെ മൊഴി നേരത്തേ എടുത്തിരുന്നെന്നും വ്യക്തത വരുത്താനായാണ് വീണ്ടും വിളിപ്പിച്ചതെന്നുമാണ് പോലീസ് അന്ന് വ്യക്തമാക്കിയത്.

ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാര്‍ 

പോലീസ് ചോദ്യംചെയ്യലിന്റെ പേരില്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാര്‍ ഗംഗത്തെത്തിയിരുന്നു. പ്രദേശവാസികളില്‍ പലരെയും പലതവണകളായി അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. സ്ഥിരമായി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത് ജോലിയെപ്പോലും ബാധിക്കുന്നതായായിരുന്നു നാട്ടുകാരുടെ പരാതി. മൂന്നുമാസം തികഞ്ഞിട്ടും യഥാര്‍ഥപ്രതികളിലേക്കെത്താന്‍ സാധിക്കാത്ത അന്വേഷണസംഘം കുറ്റം ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇതിന് പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Content Highlights: Neighbour arrested in Panamaram couple’s murder case