തൃശ്ശൂർ: കൊച്ചിയിൽ താമസിക്കുന്നിടത്തുനിന്ന് നിധീഷ് ചൊവ്വാഴ്ച അർധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെട്ടത് നീതുവിനെ കൊല്ലാനുറച്ചു തന്നെ. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. അന്ന് പകൽ വീടിനു പുറത്തിറങ്ങിയില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാർ കരുതി. എന്നാൽ നിധീഷ് ഈ സമയം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കുത്താനുപയോഗിച്ച കത്തി ഒാൺലൈനിലൂടെ നേരത്തേ വാങ്ങി വെച്ചു. മൂർച്ചയേറിയ പുതിയ മോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഒാൺലൈനിലൂടെ ബാഗും വാങ്ങി. ഇൗ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.
പെട്രോൾ കുപ്പിയിൽ കിട്ടില്ല എന്നതിനാൽ കൊച്ചിയിൽ നിന്നു തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലി സ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽനിന്ന് പെട്രോൾ പകർത്തി ബാഗിൽ വെച്ചു. ഇരുചക്ര യാത്രയിൽ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഇൗ ഗ്ലൗസണിഞ്ഞാണ് കൃത്യം നിർവഹിച്ചത്. അതിനു ശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു.
കൊലപ്പെടുത്തിയ നീതുവിനോട് മുഖ സാദൃശ്യമുള്ള ഒരാളോടൊപ്പം നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ ഏപ്രിൽ രണ്ടിന് നിധീഷ് പോസ്റ്റു ചെയ്തിരുന്നു. ഇതിനു മുൻപിട്ട പോസ്റ്റ് ഇരുട്ടിൽ വന്ന് രക്തമൂറ്റി കുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകൾ പറയുന്ന വാംപയർ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇൻ മൈ വെയിൻസ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു.
നീതുവും പ്രതിയുമായി മൂന്നുവർഷമായി പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു വർഷം മുന്പ് വിവാഹതാത്‌പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ വിവാഹാഭ്യർഥന നീതുവിന്റെ വീട്ടുകാർ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകം നടന്ന ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഫെയ്‌സ് ബുക്കിലൂടെയാണ് ഇവർ പരിചയത്തിലായതെന്നും പോലീസ് പറയുന്നു.
ഒരു മണിക്കൂർ കാത്തുനിന്നു; ബാഗിൽ വിഷക്കുപ്പിയും
ബൈക്കിൽ പുലർച്ചെ അഞ്ചരയോടെയാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയത്. പുറത്തിടുന്ന ബാഗിൽ കത്തിയും പെട്രോളും വിഷവും കരുതിയിരുന്നു.
റോഡിൽ ബൈക്ക് നിർത്തി വീടിന്റെ പിന്നിൽ ഒരു മണിക്കൂറോളം മറഞ്ഞുനിന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേക്ക് വരുമ്പോഴാണ് അകത്തുകയറിയത്. ഇവിടെ വെച്ചാണ് വാക്കുതർക്കമുണ്ടായതും ആക്രമിച്ചതും. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതിൽനിന്ന് പിൻമാറാൻ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൃത്യം നിർവഹിച്ചശേഷം വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുത്തിരുന്നതായും നിധീഷ് പോലീസിനോട് പറഞ്ഞു.
സംഭവശേഷം മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുത്തശ്ശി വത്സലയാണ് പിടിച്ചുനിർത്തിയത്. അതോടെ വീട്ടിലും അടുത്ത വീട്ടിലുമായി ഉണ്ടായിരുന്ന അമ്മാവന്മാർ സഹദേവനും വാസുദേവനും എത്തി കീഴ്‌പ്പെടുത്തി കെട്ടിയിട്ടു. സംഭവ ശേഷം മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിച്ച പ്രതി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. നിധീഷിനെ പോലീസ് ചോദ്യംചെയ്യുകയാണ്.
കൊലപാതകം ആസൂത്രണം ചെയ്ത നിധീഷ് ഓൺലൈനിലൂടെയാണ് ബാഗും മൂർച്ചയേറിയ കത്തിയും വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
Content Highlights: neethu murder case