നെടുങ്കണ്ടം: രാജ്കുമാര്‍ കസ്റ്റഡിമരണക്കേസില്‍ പ്രതികള്‍ പോലീസുകാരെന്ന് തെളിയിക്കുന്നതില്‍ നിര്‍ണായകമായത് കല്ലറ തുറന്ന് നടത്തിയ റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ കേസ് അട്ടിമറിക്കുന്നതിനുള്ള പഴുതുകള്‍ നിരവധിയായിരുന്നു. എന്നാല്‍, ജുഡീഷ്യല്‍ കമ്മിഷനായ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നിര്‍ദേശപ്രകാരം, വാഗമണിലെ രാജ്കുമാറിന്റെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് വിദഗ്ധസംഘം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു.

കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ നടന്ന ഈ പോസ്റ്റ്മോര്‍ട്ടത്തിലാണ്, പോലീസ്‌കസ്റ്റഡിയില്‍ മൂന്നുദിവസം രാജ്കുമാര്‍ നേരിട്ട ക്രൂരതയുടെ നേര്‍ച്ചിത്രം പുറത്തുവന്നത്. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം ന്യൂമോണിയയാണെന്ന് കണ്ടെത്തിയെങ്കിലും ഇതിലേക്ക് നയിച്ചത് കസ്റ്റഡിമര്‍ദനമാണോയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ്, ജസ്റ്റിസ് നാരായണക്കുറുപ്പ് മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടത്.

ക്രൂരമായ മൂന്നാംമുറപ്രയോഗം ഉണ്ടായെന്നും 2019 ജൂലായ് 29-ന് നടന്ന റീ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മര്‍ദനംമൂലമാണ് ന്യൂമോണിയബാധ ഉണ്ടായതെന്നും കണ്ടെത്തി.

ഈ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ.യും പോലീസുകാരുടെപേരില്‍ കൊലപാതകക്കുറ്റം ചുമത്തിയത്. അച്ചടക്കനടപടിയുടെ ഭാഗമായി, ഒരു പോലീസ്സ്റ്റേഷനിലെ ആറ് പോലീസുകാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതും അപൂര്‍വമാണ്. രാജ്കുമാര്‍ കസ്റ്റഡിമരണത്തെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ്സ്റ്റേഷനിലെ എല്ലാ പോലീസുകാരെയും സ്ഥലംമാറ്റിയിരുന്നു.

നീതി നടപ്പായെന്ന് രാജ്കുമാറിന്റെ ഭാര്യ

പീരുമേട്: പ്രതികളായ പോലീസുകാരെ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയ. സര്‍ക്കാര്‍ എടുത്ത നടപടികളിലൂടെ നീതി നടപ്പിലായി. മറ്റൊരു കുടുംബത്തിന് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഈ തീരുമാനംകൊണ്ട് കഴിയുമെന്നാണ് വിശ്വാസം.

അനുകൂല നടപടികളിലും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചതിലും മുഖ്യമന്ത്രിയെ നേരില്‍കണ്ട് നന്ദി അറിയിക്കാന്‍ കഴിയാത്ത വിഷമമാണ് രാജ്കുമാറിന്റെ അമ്മ കസ്തൂരിക്ക്. രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. പീരുമേട് താലൂക്ക് ഓഫീസില്‍ എല്‍.എ. വിഭാഗത്തില്‍ അസിസ്റ്റന്റ് ക്ലാര്‍ക്കായാണ് ജോലി ചെയ്യുന്നത്. കുടുംബത്തിന് പതിനാറുലക്ഷം രൂപ ധനസഹായവും നല്‍കിയിരുന്നു.

Content Highlights: nedumkandam custodial death case