ആലുവ: ഷാർജയിൽ നിന്നെത്തിയ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം മാലാകഴിയിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖി(31)നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.

സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തിൽനിന്നു പോലീസിന് ലഭിക്കുന്ന വിവരം. സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടർന്ന് ആളു മാറിയാണ് താജു തോമസ് എന്നയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് അന്വഷണത്തിൽ കണ്ടെത്തിയത്.

ആലുവ ഡിവൈ.എസ്.പി. ടി.എസ്. സിനോജ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ടി. ശശികുമാർ, എ.എസ്.ഐ. ബാലചന്ദ്രൻ, സി.പി.ഒമാരായ സി.എ. യശാന്ത്, രശ്മി എന്നിവരും ഡാൻസാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.പി. കാർത്തിക്ക് പറഞ്ഞു.