എറണാകുളം: നികുതി വെട്ടിക്കാന്‍ രജിസ്ട്രേഷന്‍ നടത്താതെ കൊച്ചി വിമാനത്താവളത്തില്‍ സര്‍വീസ് നടത്തിയ ആഡംബര ടൂറിസ്റ്റ് ബസ് വാഹന വകുപ്പിന്റെ കസ്റ്റഡിയില്‍. ആര്‍.ടി. ഓഫീസില്‍ രജിസ്ട്രേഷന്‍ നടത്താതെ വര്‍ഷങ്ങളായി നികുതി വെട്ടിച്ച് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനുള്ളില്‍ ഓടുന്ന അര കോടിയോളം രൂപ വിലമതിക്കുന്ന ബസാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രാപകല്‍ കാത്തിരുന്നാണ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ബസിനെ വലയിലാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അജിത് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ.എം. ഷാജിയുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്. 

വാഹന രജിസ്ഷന്‍ ഇനത്തിലും നികുതി ഇനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടത്തിയതെന്ന് കണ്ടെത്തി. ആറ് വര്‍ഷത്തിലധികമായി ഈ വാഹനം എയര്‍പോര്‍ട്ടിനുള്ളില്‍ അനധികൃതമായി സര്‍വീസ് നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വിമാനത്താവളത്തില്‍ വിമാനയാത്രക്കാരെ എത്തിക്കുകയും തിരിച്ച് വിമാനത്തിലേക്ക് എത്തിക്കുകയുമാണ് ഈ ബസിന്റെ ജോലി. ഇത്തരം വാഹനങ്ങള്‍ എയര്‍പോര്‍ട്ടിനു വെളിയിലേക്ക് എത്താറില്ല. അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്കു ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഈ ബസ് വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വിവിധ വിമാന കമ്പനിക്കാര്‍ ഹാന്‍ഡലിങ് ചാര്‍ജ് ഇനത്തില്‍ മാസം തോറും കോടികളാണ് കരാര്‍ എടുക്കുന്ന കമ്പനിക്കാര്‍ക്ക് നല്‍കുന്നത്. ഇവരുടെ ബസുകളാണ് എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ പിടിക്കപ്പെട്ട ആഡംബര ബസ് സ്വകാര്യ കരാര്‍ കമ്പനിയുടേതാണ്. വണ്ടിയുടെ വിലയുടെ ഇരുപത് ശതമാനത്തോളം നികുതിയും കൂടാതെ രജിസ്ട്രേഷന്‍ ഫീസും പിഴയും അടയ്ക്കേണ്ടി വരും. 

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ. നൗഫല്‍, ജി. മനോജ് കുമാര്‍ എന്നിവരാണ് ബസ് കസ്റ്റഡിയിലെടുത്തത്. വാഹനം കളക്ടറേറ്റ് വളപ്പില്‍ ഇട്ടിരിക്കുകയാണ്. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്ന ഒട്ടേറെ വാഹനങ്ങള്‍ എയര്‍പോര്‍ട്ടിനുള്ളില്‍ ഇനിയും ഉണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.