നെടുമങ്ങാട്: ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ(20) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിനെ(28) പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വലിയമല സി.ഐ. സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.

സൂര്യയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന കരുപ്പൂര് ഉഴപ്പാക്കോണത്തെ വീട്, കൊലപാതകത്തിനുശേഷം ഒളിച്ചിരിക്കാന്‍ ശ്രമിച്ച സ്ഥലങ്ങള്‍, കുത്തിക്കൊല്ലാന്‍ കത്തിവാങ്ങിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനിടെ കൈകള്‍ക്ക് പരിക്കേറ്റ അരുണിന്റെ ചികിത്സയും തുടരുന്നുണ്ട്.

ഒരാഴ്ചകൊണ്ടു തയ്യാറാക്കിയ തിരക്കഥയ്ക്കൊടുവിലാണ് അരുണ്‍ സൂര്യയെ കൊന്നതെന്ന് പോലീസ് പറയുന്നു. സൂര്യയോട് കടുത്ത വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ചിരുന്ന അരുണ്‍ കുത്തിക്കൊല്ലാനാവശ്യമായ കത്തി കാട്ടാക്കടയ്ക്കു സമീപത്തെ ഒരു കടയില്‍നിന്നാണ് വാങ്ങിയത്. ആദ്യം വാങ്ങിയ കത്തി അത്രപോരെന്നുകണ്ട് പിന്നീട് മാറ്റിവാങ്ങി. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് നേരത്തേതന്നെ മാറ്റി മറ്റൊരു നമ്പര്‍ വെച്ചു. സംഭവം നടക്കുന്നതിനു മുമ്പ് മൂന്നുദിവസം അരുണ്‍ നെടുമങ്ങാട്ടു വന്നുപോയി. ഇതിനിടെ സൂര്യ താമസിച്ചിരുന്ന വാടകവീടും പരിസരവും നന്നായിക്കണ്ട് മനസ്സിലാക്കി. ചുറ്റിലും വീടുണ്ടെങ്കിലും ഉച്ചസമയത്തു ആളുകള്‍ കുറവാണെന്നു തിരിച്ചറിഞ്ഞാണ് കൊലപാതകത്തിന് ആ സമയം തിരഞ്ഞെടുത്തത്. വീടിന്റെ പിന്നിലൂടെയാണ് അരുണ്‍ അകത്തു കടന്നത്. ആദ്യം കണ്ടത് അടുക്കളയിലുണ്ടായിരുന്ന സൂര്യയുടെ അമ്മ വത്സലയെയാണ്. എതിര്‍ക്കാന്‍ വന്ന അമ്മയെ പേടിപ്പിക്കാനാണ് ആക്രമിച്ചത്. സൂര്യയെ കൊല്ലാന്‍വേണ്ടിത്തന്നെയാണ് കുത്തിയത്.

ആദ്യം 20-ലധികം തവണ കുത്തി. തല പിടിച്ച് പലവട്ടം ചുവരിലിടിച്ചു. മരിച്ചില്ലെന്നു ബോധ്യമായപ്പോള്‍ വീണ്ടും കുത്തി. അനക്കമില്ലാതെ വീണപ്പോഴാണ് അക്രമം മതിയാക്കിയത്. പിടിവലിക്കിടയില്‍ അരുണിന്റെ കൈയിലും ആഴത്തില്‍ മുറിവേറ്റു. എന്നിട്ടും സൂര്യക്ക് നേരേയുള്ള ആക്രമണം നിര്‍ത്തിയില്ല. മുറിയിലേക്ക് ഓടിക്കയറി വന്ന അച്ഛനെയും ആക്രമിച്ചു.

സൂര്യമായി അരുണ്‍ നേരത്തെ അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും കുടുംബത്തെ സഹായിച്ചിരുന്നു. ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടത്തി. എന്നാല്‍ ഈ ബന്ധം അവസാനിപ്പിച്ച് ഒരുവര്‍ഷക്കാലമായി സൂര്യ അമ്മയോടൊപ്പം വന്നു താമസിക്കുകയായിരുന്നു.

അതിനിടെയാണ് അരുണ്‍ വീണ്ടും സ്ഥലത്തെത്തിയതും അക്രമം നടത്തിയതും. തെളിവെടുപ്പ് സ്ഥലത്ത് അരുണിനക്കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.