മുംബൈ:  ലഹരിമരുന്ന് സംഘങ്ങളെ പൊളിച്ചടുക്കുകയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യുടെ പ്രധാന അജണ്ടയെന്ന് മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെ. ഇത്തരം സംഘങ്ങളെ ഇല്ലാതാക്കാനാണ് എന്‍.സി.ബി.യുടെ നീക്കങ്ങളെന്നും മുംബൈയില്‍ മാത്രം ഇതുവരെ 12 സംഘങ്ങളെ തകര്‍ത്തുകളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുകയെന്നത് എന്‍.സി.ബി.യുടെ അജണ്ടയല്ലെന്നും, എന്നാല്‍ ആരെങ്കിലും തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാല്‍ വെറുതെവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്‍.സി.ബി. സംഘം ബോളിവുഡിനെ ലക്ഷ്യംവെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണങ്ങളും സമീര്‍ വാങ്കെഡെ നിഷേധിച്ചു.'' ലഹരിസംഘങ്ങളെ ഇല്ലാതാക്കുക എന്നതാണ് എന്‍.സി.ബി.യുടെ പ്രധാന അജണ്ട, ആ വഴിയിലാണ് ഞങ്ങള്‍ നീങ്ങുന്നത്. മുംബൈയില്‍ മാത്രം 12 ലഹരിസംഘങ്ങളാണ് പിടിയിലായത്. വലിയ അളവിലുള്ള ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പ്പന ഏറെ ലാഭം നല്‍കുന്ന നിയമവിരുദ്ധമായ ബിസിനസാണ്. ഇതില്‍ വിദേശികള്‍ക്കും പങ്കുണ്ട്. ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്''- അദ്ദേഹം പറഞ്ഞു. 

എല്ലാകേസുകളും എന്‍.സി.ബി.ക്ക് പ്രധാന്യമേറിയതാണ്. ലഹരിമരുന്ന് കേസിന്റെ സാമ്പത്തിക ഇടപാടുകളടക്കം എല്ലാവശങ്ങളും പ്രധാനപ്പെട്ടവയുമാണ്. ലഹരിമരുന്ന് വില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുണ്ട്. മുംബൈയിലും ഗോവയിലും ലഹരിമരുന്ന് ഉപയോഗം ആഴത്തില്‍ വളര്‍ന്നിരിക്കുന്നു. അതിനാല്‍ അവസാനം വരെ ഞങ്ങള്‍ പോരാടും. എന്‍.സി.ബിക്ക് വേണ്ടി ജോലിചെയ്യുന്നത് ഭാഗ്യമായാണ് കരുതുന്നതെന്നും ഇത് രാജ്യത്തിന് വേണ്ടിയുള്ള സേവനമാണെന്നും സമീര്‍ വാങ്കെഡെ വ്യക്തമാക്കി. 

2020 സെപ്റ്റംബര്‍ മുതല്‍ ഇതുവരെ 114 കേസുകളാണ് എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം എന്‍.സി.ബി. രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ മുന്നൂറിലേറെപ്പേര്‍ അറസ്റ്റിലായി. 34 വിദേശികളും ചില ബോളിവുഡ് താരങ്ങളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. മുംബൈ, നവിമുംബൈ,താണെ തുടങ്ങിയ മേഖലകളില്‍നിന്ന് മാത്രം 150 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് എന്‍.സി.ബി. സംഘം ഇക്കാലയളവില്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ മുംബൈയില്‍നിന്ന് മാത്രം നൂറുകിലോയിലേറെ ലഹരിമരുന്നാണ് എന്‍.സി.ബി. പിടിച്ചെടുത്തത്. മുംബൈ നഗരത്തില്‍ മാസം ശരാശരി 12-15 റെയ്ഡുകളും എന്‍.സി.ബി. നടത്തുന്നുണ്ട്.

Content Highlights: ncb zonal director sameer wankhede says about ncb raids and agnecy main agenda