ബെംഗളൂരു: ബെംഗളൂരുവിലും ഹൈദരാബാദിലുമായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി.) വന്‍ മയക്കുമരുന്നു വേട്ട. കോടികള്‍ വിലവരുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ആറു പേരെ അറസ്റ്റു ചെയ്തു.

സ്ത്രീകള്‍ അണിയുന്ന ലഹങ്കയ്ക്കിടയില്‍ ഒളിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുകിലോ സ്യൂഡോ ഫെഡ്രിന്‍ ആണ് ഹൈദരാബാദില്‍നിന്ന് പിടിച്ചെടുത്തത്.മൂന്ന് ലഹങ്കകള്‍ അടങ്ങിയ പെട്ടിയാണ് കയറ്റിയയക്കാന്‍ ശ്രമിച്ചതെന്ന് എന്‍.സി.ബി. മേഖലാ ഡയറക്ടര്‍ അമിത് ഗവാട്ടെ അറിയിച്ചു. വെള്ളനിറമുള്ള ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് ഇവയുടെ മടക്കുകളില്‍ തുന്നിപ്പിടിപ്പിച്ചു വെച്ച നിലയിലായിരുന്നു.

ആന്ധ്രാപ്രദേശിലെ നരസപുരത്തില്‍നിന്നുമാണ് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ പാര്‍സല്‍ ബുക്ക് ചെയ്തിരുന്നത്. വ്യാജ മേല്‍വിലാസവും വ്യാജരേഖയും ഉപയോഗിച്ചാണ് ഇത് കയറ്റിയയക്കാന്‍ ശ്രമിച്ചത്.ചെന്നൈ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വിവരം ചെന്നൈ എന്‍.സി.ബി. യൂണിറ്റിന് കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ അറസ്റ്റിലായി.

ബെംഗളൂരുവിലെ ദേവനഹള്ളിയില്‍നിന്ന് മയക്കുമരുന്നുമായി നാലുപേരെ എന്‍.സി.ബി.യുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.വിശാഖപട്ടണം, ബിഹാര്‍, ഹൈദരാബാദ് സ്വദേശികളാണ് പിടിയിലായവര്‍. എം.ഡി.എം.എ. ഗുളികകള്‍, മെതാംഫെറ്റാമിന്‍, മെതാക്വാലോന്‍ എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തു.

ഇവര്‍ ഹൈദരാബാദില്‍നിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയവരുടെ താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒരാളെക്കൂടി അറസ്റ്റു ചെയ്തു. ഇവര്‍ ബെംഗളൂരുവിലെ വിതരണക്കാരില്‍നിന്ന് മയക്കുമരുന്ന് ശേഖരിച്ച് ഹൈദരാബാദിലെ പബ്ബുകളിലും പാര്‍ട്ടികളിലും മറ്റും വിതരണം ചെയ്തുവരുകയായിരുന്നെന്നും പോലീസ് അറിയിച്ചു.