മുംബൈ: ലഹരിമരുന്ന് കേസില്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ വായിക്കാന്‍ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങള്‍. കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ആര്യന്‍ ഖാന്‍ ശാസ്ത്ര പുസ്തകങ്ങളാണ് വായിക്കാന്‍ ചോദിച്ചതെന്നും ആര്യന്റെ ആവശ്യപ്രകാരം എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഇത് നല്‍കിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്‍.സി.ബി. കസ്റ്റഡിയില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതിനാല്‍ ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹോട്ടലില്‍നിന്നാണ് ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്. എന്‍.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണല്‍ ഹിന്ദു റസ്റ്റോറന്റില്‍നിന്നാണ് പ്രതികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതിനിടെ, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെയും മറ്റുള്ളവരെയും എന്‍.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈല്‍ ഫോണ്‍ ഗാന്ധിനഗറിലെ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. 

ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് പുറമേ കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ആര്യന്‍, അര്‍ബാസ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ വ്യാഴാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍വിട്ടത്. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് ലഹരിമരുന്ന് വിതരണക്കാരായ ശ്രേയസ് നായരെയും അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെയും കഴിഞ്ഞദിവസം എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒക്ടോബര്‍ 11 വരെ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 

ലഹരിമരുന്ന് ഡാര്‍ക് വെബ്ബില്‍, ഇടപാട് ബിറ്റ്‌കോയിനില്‍

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ശ്രേയസ് നായര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത് ഡാര്‍ക് വെബ് വഴിയെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ കഴിഞ്ഞദിവസമാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗോവന്‍ ബന്ധമുള്ള മലയാളിയാണെന്നും സൂചനകളുണ്ട്. 

ലഹരിമരുന്ന് ഉപയോഗിച്ചവര്‍ യാത്രയ്ക്കിടെ കോര്‍ഡെലിയ കപ്പലില്‍ പ്രശ്നങ്ങളുണ്ടാക്കിയതായും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ ഇവര്‍ കപ്പലിനുള്ളില്‍ ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടായെന്നുമാണ് വിവരം. കപ്പലിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം മുംബൈയില്‍ തിരിച്ചെത്തിയ കപ്പലില്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. കപ്പലില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 

Content Highlights: ncb provided science books for aryan khan food arranged from nearby restaurant