റായ്പുര്‍: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് കോസയെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്ഗഢ് പോലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) ആണ്  ചൊവ്വാഴ്ച രാവിലെ ദന്തേവാഡ നീല്‍വയ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കോസയെ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഛത്തീസ്ഗഢിലെ മല്ലപ്പാറ സ്വദേശിയായ കോസ, കഴിഞ്ഞ 15 വര്‍ഷമായി മാവോവാദി സംഘടനകളില്‍ സജീവമാണെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. മാവാവോദികളുടെ 'മിലിട്ടറി ഇന്റലിജന്‍സ് ഇന്‍ ചാര്‍ജ്' പദവി വഹിച്ചിരുന്ന കോസ മലാങ്കിര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചോളം കേസുകളില്‍ പോലീസ് തിരയുന്ന പ്രതി കൂടിയാണ് ഇയാള്‍. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. 

തിങ്കളാഴ്ച സുക്മയില്‍ 15 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ മാവോവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സുരക്ഷാസേനയുമായി അടുപ്പമുള്ള കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് ദന്തേവാഡ വനത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഏപ്രില്‍ ആദ്യവാരം സുക്മയില്‍ 22 ജവാന്മാരാണ് മാവോവാദികളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. 

Content Highlights: naxal with five lakh bounty killed in dantewada