മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നില്‍ ബി.ജെ.പി. നേതാവ് മോഹിത് കംബോജ് ആണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. ആര്യന്‍ ഖാന്‍ അറസ്റ്റിലായ കേസ് 'തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട' സംഭവമാണെന്നും ഇതിന് പിന്നിലെ സൂത്രധാരന്‍ മോഹിത് ആണെന്നും അദ്ദേഹം ആരോപിച്ചു. 

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ല. അമീര്‍ ഫര്‍ണീച്ചര്‍വാലയും പ്രതീക് ഗാബയുമാണ് ആര്യനെ കപ്പലില്‍ കൊണ്ടുവന്നത്. ഇതൊരു തട്ടിക്കൊണ്ടുപോകലാണ്. സമീര്‍ വാംഖഡെയുടെ അടുത്തയാളും ബിജെപി നേതാവുമായ മോഹിത് ആണ് ഇതിനുപിന്നിലെ സൂത്രധാരന്‍. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്തതെന്നും മന്ത്രി ആരോപിച്ചു. 

ആര്യന്‍ അറസ്റ്റിലായത് മുതല്‍ ഷാരൂഖ് ഖാന് നേരേ ഭീഷണികളുയര്‍ന്നു. പല ആരോപണങ്ങളിലും അദ്ദേഹത്തിന്റെ മാനേജറുടെ പേരടക്കം ഉയര്‍ന്നിട്ടും നടന്‍ ഇതുവരെ മിണ്ടിയിട്ടില്ല. മകനെ തട്ടിക്കൊണ്ടുപോയാല്‍ മോചനദ്രവ്യം നല്‍കുന്നത് കുറ്റമല്ല, അതിനാല്‍ ഷാരൂഖ് മുന്നോട്ടുവരണമെന്നും ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു. 

മോഹിതും സമീര്‍ വാംഖഡെയും തമ്മില്‍ അടുത്തബന്ധം...

എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയും ബി.ജെ.പി. നേതാവ് മോഹിത് കംബോജും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് നവാബ് മാലിക്കിന്റെ അവകാശവാദം. ഒക്ടോബര്‍ ഏഴിന് രാത്രിയില്‍ ഒരു ശ്മശാനത്തില്‍വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ആഡംബര കപ്പലിലെ റെയ്ഡില്‍ പിടികൂടിയ മൂന്ന് പേരെയാണ് എന്‍.സി.ബി. വിട്ടയച്ചിരുന്നത്. റിഷബ് സച്ച്‌ദേവ, പ്രതീക് ഗാബ, അമീര്‍ ഫര്‍ണീച്ചര്‍വാലാ എന്നിവരാണവര്‍. ഇതില്‍ റിഷബ് സച്ച്‌ദേവ മോഹിത് കംബോജിന്റെ ബന്ധുവാണെന്നും നവാബ് മാലിക്ക് ആരോപിച്ചു. 

മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന...

മഹാരാഷ്ട്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വന്‍ ഗൂഢാലോചനയാണ് ലഹരിപാര്‍ട്ടി കേസിന് പിന്നിലെന്നാണ് മന്ത്രിയുടെ മറ്റൊരു ആരോപണം. ഫാഷന്‍ ടി.വി.യുടെ ഇന്ത്യയിലെ എം.ഡി. കാഷിഫ് ഖാനും ആഡംബര കപ്പലിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍നിന്ന് ചില ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടും എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല? ഇതൊരു ഗൂഢാലോചനയാണ്. മാത്രമല്ല, മഹാരാഷ്ട്രയിലെ മന്ത്രി അസ്ലം ഷേയ്ഖിനെ കപ്പലിലെ പാര്‍ട്ടിക്ക് കൊണ്ടുവരാന്‍ കാഷിഫ് ഖാന്‍ ശ്രമിച്ചിരുന്നതായും ഇതിനായി സമ്മര്‍ദം ചെലുത്തിയെന്നും നവാബ് മാലിക്ക് വെളിപ്പെടുത്തി. 

സുനില്‍ പാട്ടീലിനെ കണ്ടിട്ടില്ല...

ആര്യനെ ലഹരിമരുന്ന് കേസില്‍നിന്നൊഴിവാക്കാന്‍ ഇടനിലക്കാരനായെന്ന് പറയുന്ന സുനില്‍ പാട്ടീലുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നുള്ള ആരോപണങ്ങളും മന്ത്രി നിഷേധിച്ചു. തന്റെ ജീവിതത്തില്‍ സുനില്‍ പാട്ടീലിനെ കണ്ടിട്ടില്ല. മോഹിത് കംബോജ് പുറത്തുവിട്ട ചിത്രങ്ങളില്‍ സുനില്‍ പാട്ടീല്‍ ഗുജറാത്ത് മന്ത്രി റാണയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ വാര്‍ത്താസമ്മേളനം നടത്തിയശേഷം സുനില്‍ പാട്ടീല്‍ വിളിച്ചിരുന്നു. കുറച്ച് കാര്യങ്ങള്‍ തന്നോട് പറയാനുണ്ടെന്നായിരുന്നു അദ്ദേഹം വിളിച്ചുപറഞ്ഞത്. എന്നാല്‍ എല്ലാകാര്യങ്ങളും പോലീസുമായി പങ്കുവെയ്ക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും നവാബ് മാലിക്ക് പറഞ്ഞു. 

ബിജെപിക്ക് എതിരെയല്ല, തെറ്റിനെതിരേ...

എന്‍.സി.ബിക്കെതിരെയോ, ബി.ജെ.പിക്കെതിരെയോ അല്ല തന്റെ പോരാട്ടമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ പോരാട്ടം തെറ്റിനെതിരെയാണ്. ലഹരിമരുന്ന് സംഘാംഗങ്ങള്‍ അവരുടെ ബിസിനസ് നടത്തുമ്പോള്‍ നിരപരാധികളാണ് കേസില്‍പ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. തന്റെ മരുമകന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസ് എന്‍.സി.ബി. സെന്‍ട്രല്‍ യൂണിറ്റിന് കൈമാറിയതിനെയും അദ്ദേഹം ചോദ്യംചെയ്തു.