മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നിരപരാധികളെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്ക്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നവിസിന് ബന്ധമുണ്ടെന്നും കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി ആരോപിച്ചു.

കഴിഞ്ഞദിവസം നവാബ് മാലിക്കിനെതിരേ ഗുരുതര ആരോപണങ്ങളുമായി ദേവേന്ദ്ര ഫഡ്‌നവിസ് രംഗത്തെത്തിയിരുന്നു. നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടെന്നും ദാവൂദിന്റെ കൂട്ടാളിയുമായും മുംബൈ സ്‌ഫോടനക്കേസ് പ്രതിയുമായും അദ്ദേഹം വസ്തു ഇടപാട് നടത്തിയിട്ടുണ്ടെന്നും ഫഡ്‌നവിസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫഡ്‌നവിസിന് മറുപടിയുമായി നവാബ് മാലിക്കും രംഗത്തെത്തിയത്. ഫഡ്‌നവിസിന്റെ ബോംബിന് പകരം താനൊരു ഹൈഡ്രജന്‍ ബോംബ് വര്‍ഷിക്കുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

ദേവേന്ദ്ര ഫഡ്‌നവിസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. കുപ്രസിദ്ധ ക്രിമിനലായ മുന്ന യാദവിനെ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്താണ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചത്. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലെത്തിക്കുന്ന ഹൈദര്‍ ആസാമിനെ മൗലാന ആസാദ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനായും നിയമിച്ചു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നയാള്‍ക്കെതിരേയാണ് തന്റെ പോരാട്ടം. എന്നാല്‍ ദേവേന്ദ്ര ഫഡ്‌നവിസ് ഈ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കുകയാണെന്നും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥനെ ന്യായീകരിക്കുകയാണെന്നും നവാബ് മാലിക്ക് ആരോപിച്ചു. 

ദാവൂദിന്റെ കൂട്ടാളി റിയാസ് ഭാട്ടിയുമായി ഫഡ്‌നവസിന് ബന്ധമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പാസ്‌പോര്‍ട്ടുമായി പിടിക്കപ്പെട്ട ദാവൂദിന്റെ കൂട്ടാളിയാണ് റിയാസ് ഭാട്ടി. കൈയില്‍ രണ്ട് പാസ്‌പോര്‍ട്ടുകളുണ്ടായിട്ടും അയാളെ രണ്ട് ദിവസം കൊണ്ടാണ് വിട്ടയച്ചത്. എന്തുകൊണ്ടാണ് അയാള്‍ ബി.ജെ.പി.യുടെ പരിപാടികളിലും ഫഡ്‌നവിസ് പങ്കെടുക്കുന്ന ചടങ്ങുകളിലും പ്രത്യക്ഷപ്പെടുന്നതെന്നും നവാബ് മാലിക്ക് ചോദിച്ചു. സമീര്‍ വാംഖഡെയുടെ സഹായത്തോടെ സംസ്ഥാനത്തെ കള്ളനോട്ട് റാക്കറ്റിനെ ഫഡ്‌നവിസ് സംരക്ഷിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. 

Content Highlights: nawab malik allegations against devendra fadnavis he says fadnavis has link with dawood aide