മുംബൈ: സഹപ്രവർത്തകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിലെ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സഹപ്രവർത്തകന്റെയും ഭാര്യയുടെയും പരാതിയിലാണ് ഐ.എൻ.എസ്. അഗ്നിബന്ധുവിൽനിന്ന് ഇയാളെ പിടികൂടിയത്.

ഏപ്രിൽ 29-നാണ് നേവി ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ സഹപ്രവർത്തകന്റെ ഭാര്യയെ പീഡിപ്പിച്ചത്. പ്രതിയും സഹപ്രവർത്തകനും ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. പ്രതിയുടെ പേരിൽ അനുവദിച്ച ക്വാർട്ടേഴ്സിൽ മറ്റൊരു മുറിയിലായിരുന്നു ദമ്പതിമാരുടെ താമസം. ഏപ്രിൽ 23-ന് പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് ഔദ്യോഗിക പരിശീലനത്തിനായി കേരളത്തിലേക്ക് പോയി. തുടർന്ന് പ്രതിയും യുവതിയും മാത്രമായിരുന്നു ക്വാർട്ടേഴ്സിൽ താമസം.

ഏപ്രിൽ 29-ന് യുവതിക്ക് കടുത്ത പനിയും തലവേദനയും ഉണ്ടായിരുന്നു. അന്നേദിവസം ഭക്ഷണവും കഴിച്ചില്ല. ഇക്കാര്യമറിഞ്ഞ പ്രതി കാര്യങ്ങൾ തിരക്കുകയും മരുന്ന് നൽകുകയും ചെയ്തു. അല്പസമയത്തിന് ശേഷം പ്രതി മദ്യപിച്ച് യുവതിയുടെ മുറിയിലെത്തി. തലവേദന മാറാൻ മസാജ് ചെയ്തുതരാമെന്ന് പറഞ്ഞു. യുവതി വേണ്ടെന്ന് പറയുകയും മുറിയിൽനിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ പ്രതി യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ വിവരം പുറത്തു പറഞ്ഞാൽ താൻ സ്വയം വെടിവെച്ച് മരിക്കുമെന്നും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പക്ഷേ, യുവതി പിറ്റേദിവസം തന്നെ ഭർത്താവിനെ ഫോണിൽവിളിച്ച് വിവരം പറയുകയും എത്രയും വേഗം തിരികെ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഭർത്താവ് കേരളത്തിൽനിന്ന് തിരികെ എത്തിയതിന് ശേഷം മെയ് നാലാം തീയതിയാണ് ദമ്പതിമാർ പോലീസിൽ പരാതി നൽകിയത്.

Content Highlights:navy officer arrested in mumbai for raping colleagues wife