കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാങ്കുറ ജില്ലയിൽ കുട്ടിക്കടത്ത് നടത്തിയതിന് ജവഹർ നവോദയ സ്കൂൾ പ്രിൻസിപ്പലടക്കം എട്ട് പേർ അറസ്റ്റിലായി. ഇവരിൽ സ്കൂൾ അധ്യാപികയുമുണ്ട്. പ്രിൻസിപ്പലിന്റെയും അധ്യാപികയുടെയും വീട്ടിൽ നടത്തിയ തിരച്ചിലിൽ അഞ്ച് കുട്ടികളെ കണ്ടെത്തി.

രാജസ്ഥാൻ സ്വദേശിയായ പ്രിൻസിപ്പൽ കമൽ കുമാർ രജോറിയ, അധ്യാപിക സുഷമാ ശർമ എന്നിവരാണ് മുഖ്യപ്രതികൾ. ഇടനില നിന്ന ഒരു ചായക്കടക്കാരൻ, കടത്തിന് സഹായിച്ച രണ്ട് സ്ത്രീകൾ തുടങ്ങിയവരാണ് മറ്റ് പ്രതികൾ. കമൽ കുമാറിനെയും സുഷമയെയും പോലീസ് കസ്റ്റഡിയിലും മറ്റുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു.

സ്കൂളിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന വാനിലേക്ക് രണ്ട് കുട്ടികളെ കമൽ കുമാർ ധൃതി പിടിച്ച് കയറ്റുന്നത് കണ്ട് സംശയം തോന്നിയ പഞ്ചായത്ത് പ്രസിഡന്റ് ആളെക്കൂട്ടിയപ്പോഴാണ് സംഭവം പുറത്തായത്.

ബഹളമായതോടെ കമൽ കുമാർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ വാനിൽ രണ്ട് സ്ത്രീകളെയും മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തി. പരസ്പരവിരുദ്ധമായി ഇവർ സംസാരിച്ചതിനെത്തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി. പ്രിൻസിപ്പലിനെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. തുടർന്ന് പോലീസ് പ്രതികളെക്കൂട്ടി വീടുകൾ പരിശോധിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ദുർഗാപുർ സ്റ്റീൽ പ്ളാന്റിന് സമീപമുള്ള നിഷിദ്ധപ്പള്ളി ഗ്രാമത്തിൽ നിന്ന് കുട്ടികളെ വിലയ്ക്കുവാങ്ങി കടത്തുകയായിരുന്നു സംഘമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപ്പെടുത്തിയവരെല്ലാം പെൺകുട്ടികളാണ്.