മുംബൈ:  കോടികള്‍ ആസ്തിയുള്ള വയോധികന്റെ മൃതദേഹം കുളത്തില്‍നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. നവിമുംബൈ ഉല്‍വേ സ്വദേശി ഷമകാന്ത് ടുക്കാറാം നായിക്കിന്റെ(80) മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തെ വ്യാപാരിയായ മോഹന്‍ ചൗധരി(33)യെ അറസ്റ്റ് ചെയ്തതായും ഇയാളാണ് ടുക്കാറാം നായിക്കിനെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ തള്ളിയതെന്നും പോലീസ് പറഞ്ഞു. 

ഉല്‍വേയില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളും ഫ്‌ളാറ്റുകളും ഭൂമിയും സ്വന്തമായുള്ള ടുക്കാറാം നായിക്കിനെ ഓഗസ്റ്റ് 29-ാം തീയതി മുതലാണ് കാണാതായത്. അന്നുതന്നെ മകന്‍ ശേഖര്‍ നായിക്ക് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. ശേഖര്‍ നായിക്കിനൊപ്പം മോഹന്‍ ചൗധരിയും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം വീട്ടില്‍നിന്ന് പോയ ടുക്കാറാം നായിക്ക് തിരിച്ചുവന്നില്ലെന്നും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രദേശത്തെ കുളത്തില്‍നിന്ന് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. ഇതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഈ പരിശോധനയിലാണ് മോഹന്‍ ചൗധരി മൃതദേഹവുമായി ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. 

കൊല്ലപ്പെട്ട ടുക്കാറാം നായിക്ക് പതിവായി മോഹന്‍ ചൗധരിയുടെ കടയില്‍ വരാറുണ്ടായിരുന്നു. ഒരിക്കല്‍ മോഹന്‍ ചൗധരിയുടെ ഭാര്യയ്‌ക്കൊപ്പം കിടക്ക പങ്കിടണമെന്ന് ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി 5000 രൂപയും നായിക്ക് വാഗ്ദാനം ചെയ്തു. ഓഗസ്റ്റ് 29-നും ഇതേ ആവശ്യവുമായി നായിക്ക് വീണ്ടും ചൗധരിയുടെ കടയിലെത്തി. പതിനായിരം രൂപ നല്‍കാമെന്നും ഭാര്യയെ തന്റെ ഗോഡൗണിലേക്ക് അയക്കണമെന്നുമായിരുന്നു പറഞ്ഞത്. നായിക്കിന്റെ ആവശ്യംകേട്ട് രോഷാകുലനായ ചൗധരി ഇയാളെ തള്ളിനീക്കി. സമീപത്തെ മേശയില്‍ തലയിടിച്ച് നായിക്ക് തറയില്‍വീണു. തലയില്‍നിന്ന് ചോരയൊലിച്ചു. ഇതോടെ പരിഭ്രാന്തനായ മോഹന്‍ ചൗധരി കടയുടെ ഷട്ടര്‍ താഴ്ത്തുകയും പിന്നാലെ നായിക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം പിന്നീട് കടയിലെ ശൗചാലയത്തിലേക്ക് മാറ്റുകയും ചെയ്തു. 

ഓഗസ്റ്റ് 31-ാം തീയതി വരെ ശൗചാലയത്തില്‍ മൃതദേഹം സൂക്ഷിച്ചു. 31-ന് രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം ഇവിടെനിന്ന് മാറ്റിയത്. പുലര്‍ച്ചെ ബൈക്കിലെത്തിയ ചൗധരി, മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ബൈക്കില്‍ കെട്ടിവെച്ച് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് സമീപത്തെ കുളത്തില്‍ മൃതദേഹം തള്ളിയത്. നായിക്കിന്റെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിലും ഉപേക്ഷിച്ചു. 

കോടികള്‍ ആസ്തിയുള്ള ടുക്കാറാം നായിക്കിനെ സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്ന് ആരെങ്കിലും കൊലപ്പെടുത്തിയതാകുമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ക്യാമറകളില്‍നിന്ന് ചൗധരിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. 

Content Highlights: navi mumbai shop keeper killed old man for demanding sex from his wife