ലഖ്‌നൗ(ഉത്തര്‍പ്രദേശ്): അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് ശിഷ്യന്മാര്‍ കസ്റ്റഡിയില്‍. നരേന്ദ്രഗിരിയുടെ അടുത്ത അനുയായിയും ശിഷ്യനുമായിരുന്ന ആനന്ദ് ഗിരി, അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. 

തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയില്‍നിന്ന് പുറത്തുവരാത്തതിനാല്‍ ശിഷ്യന്മാര്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 

നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ചെന്നും അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കെ.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മരണശേഷം ആശ്രമത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണമായവരുടെ പേരുകളും നരേന്ദ്രഗിരി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനൊപ്പം ഒരു വീഡിയോയും അദ്ദേഹം ചിത്രീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ശിഷ്യന്മാരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. 

ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞ പേരുകള്‍ തന്നെയാണ് മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിലും നരേന്ദ്രഗിരി വെളിപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ നിര്‍ഭയ് ദിവേഠി പ്രതികരിച്ചു. 'അന്തസ്സോടെയാണ് താന്‍ ജീവിച്ചത്, അപമാനത്തോടെ ഇനി ജീവിക്കാന്‍ കഴിയില്ല, അതിനാല്‍ ജീവനൊടുക്കുന്നു' എന്നാണ് നരേന്ദ്രഗിരി കുറിപ്പില്‍ എഴുതിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ജീവനൊടുക്കുന്നതിന്റെ കാരണങ്ങളും വിശദീകരിച്ചിരുന്നു. 

അതിനിടെ, നിലവില്‍ കസ്റ്റഡിയിലുള്ള ശിഷ്യന്‍ ആനന്ദ് ഗിരിയെ കഴിഞ്ഞ മെയ് മാസം പരിഷത്തില്‍നിന്ന് പുറത്താക്കിയതാണെന്നാണ് വിവരം. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചാണ് ആനന്ദ് ഗിരിയെ പുറത്താക്കിയത്. എന്നാല്‍ ഏതാനുംദിവസം മുമ്പ് ആനന്ദ് ഗിരി ഗുരുവിന്റെ കാല്‍ക്കല്‍വീണ് മാപ്പ് ചോദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. 

പോലീസ് കസ്റ്റഡിയിലാകുന്നതിന് മുമ്പ് തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായി ആനന്ദ് ഗിരി ആരോപിച്ചിരുന്നു. ഗുരു ഒരിക്കലും ജീവനൊടുക്കില്ലെന്നും സാമ്പത്തികകാര്യങ്ങളെച്ചൊല്ലി അദ്ദേഹത്തെ പലരും ഉപദ്രവിച്ചിരുന്നതായും ആനന്ദ് ഗിരി പറഞ്ഞിരുന്നു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഈ പ്രതികരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് ആനന്ദ് ഗിരിയെ ഹരിദ്വാറില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

നരേന്ദ്രഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. നരേന്ദ്രഗിരിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും സംത് സമാജിന്റെ പല ശാഖകളെയും പരസ്പരം ബന്ധിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നരേന്ദ്രഗിരിയുടെ വിയോഗം ആത്മീയലോകത്തിന് തീരാനഷ്ടമാണെന്ന് യോഗി ആദിത്യനാഥും ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്രഗിരിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തിങ്കളാഴ്ച രാത്രി തന്നെ പ്രയാഗ് രാജിലെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചൊവ്വാഴ്ച പ്രയാഗ് രാജിലെത്തും. 

Content Highlights: narendra giri suicide his three disciples detained by police