കൊച്ചി: വ്യവസായിയെ മൈസൂരുവില്‍ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി, കായക്കൊടി മടയനാര്‍ പൊയ്യില്‍ വീട്ടില്‍ അജ്മല്‍ ഇബ്രാഹി (32) മിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരുവില്‍ പെണ്ണുകാണാന്‍ എന്നു പറഞ്ഞ് എറണാകുളത്തെ ഫ്‌ലാറ്റില്‍നിന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മൈസൂരുവിലെ അജ്ഞാത സ്ഥലത്തെ വീട്ടില്‍ പ്രതികള്‍ വ്യവസായിയെ എത്തിച്ചു. വീട്ടില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുമായി സംസാരിക്കാമെന്നു പറഞ്ഞ് വ്യവസായിയെ മുറിയില്‍ കയറ്റിയ ശേഷം പ്രതികള്‍ മുറി പുറത്തുനിന്നു പൂട്ടി. ഉടനെ കര്‍ണാടക പോലീസ് എത്തുമെന്നു പറഞ്ഞ് സംഘാംഗങ്ങള്‍ വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്‌നചിത്രങ്ങള്‍ എടുക്കുകയും കവര്‍ച്ചയ്ക്കിരയാക്കുകയുമായിരുന്നു.

വ്യവസായിയുടെ കൈയില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ബ്ലാങ്ക് മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. ശേഷം നാദാപുരത്ത് എത്തിച്ച് വ്യവസായിയെ ഇറക്കിവിട്ടു. പിന്നീട് വീണ്ടും ഭീഷണി മുഴക്കി രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കി.

പീഡനക്കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

പ്രതികള്‍ ഇത്തരത്തില്‍ നിരവധി ആളുകളെ തട്ടിപ്പിനിരയാക്കിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തില്‍, എസ്.ഐ.മാരായ എസ്.ടി. അരുള്‍, ഫുള്‍ജന്‍, എ.എസ്.ഐ. ഗോപി തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിവരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: mysuru robbery case first accused arrested