ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.  

അതിനിടെ, മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ 'ഓപ്പറേഷന്‍' വിജയമാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് വിവരം. 

Also Read: മൈസൂരു കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികള്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളെന്ന് സൂചന...

ചൊവ്വാഴ്ച രാത്രിയാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ എം.ബി.എ. വിദ്യാര്‍ഥിനി മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. 

നാല് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇവര്‍ മൈസൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നും ഇതില്‍ മൂന്നുപേര്‍ മലയാളികളാണെന്നും ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും പോലീസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അതിനിടെ, ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

Also Read: മൈസൂരു കൂട്ടബലാത്സംഗം: എത്തിയത് ഒറ്റപ്പെട്ട സ്ഥലത്ത്, പുറത്തറിഞ്ഞത് മണിക്കൂറുകള്‍ക്ക് ശേഷം....

മൈസൂരുവില്‍ പഠിക്കുന്ന പ്രതികള്‍ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നായിരുന്നു വിവരം. അടുത്തദിവസം കോളേജില്‍ നടന്ന പരീക്ഷയ്ക്കും ഇവര്‍ ഹാജരായിരുന്നില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താനായി കര്‍ണാടകയില്‍നിന്നുള്ള പോലീസ് സംഘം കഴിഞ്ഞദിവസം തന്നെ കേരളത്തില്‍ എത്തിയതായാണ് വിവരം. ഇതിനുപിന്നാലെയാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയിലായെന്ന സൂചനയും പുറത്തുവരുന്നത്. 

Content Highlights: mysuru gangrape case police given hints that all accused in custody more details awaiting