കോയമ്പത്തൂര്‍/മൈസൂരു: മൈസൂരുവില്‍ എം.ബി.എ. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ അഞ്ചുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ഈറോഡ് താളവാടി സൂസൈപുരം ഗ്രാമത്തിലെ ഭൂപതി(28), ജോസഫ് (28), തിരുപ്പൂര്‍ അവിനാശി വേളങ്കാട് ലൂര്‍ദ്പുരം സ്വദേശി മുരുകേശന്‍ (22), വടുകപാളയം എ.ഡി. കോളനിയിലെ 17 വയസ്സുകാരന്‍, കോയമ്പത്തൂര്‍ സെല്‍വപുരം തണ്ണീര്‍പ്പന്തല്‍ സ്വദേശി പ്രകാശ് (അരവിന്ദ്-21) എന്നിവരാണ് പിടിയിലായത്. ആറാം പ്രതി ഒളിവിലാണ്. മുരുകേശനാണ് മുഖ്യപ്രതി. കര്‍ണാടക പോലീസാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി ഇവരെ അറസ്റ്റ് ചെയ്തത്. കര്‍ണാടക ഡി.ജി.പി. പ്രവീണ്‍ സൂദ് ശനിയാഴ്ച മൈസൂരുവില്‍ വാര്‍ത്താസമ്മേളനത്തിലാണ് അറസ്റ്റുവിവരം സ്ഥിരീകരിച്ചത്.

പ്രതികളെ മൈസൂരുവിലെത്തിച്ചു. കൂലിപ്പണിക്കാരായ പ്രതികള്‍ ജോലിക്കായി ഇടയ്ക്കിടെ മൈസൂരുവിലെത്താറുണ്ട്. എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം പഠനം ഉപേക്ഷിച്ചവരാണിവര്‍.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡി.ജി.പി. പറഞ്ഞു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും പൂര്‍ണമല്ല. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തി മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ഡി.ജി.പി. പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിവിട്ട് സ്വദേശമായ മഹാരാഷ്ട്രയിലേക്ക് പോയി. രക്ഷിതാക്കള്‍ നിര്‍ബന്ധമായി ഡിസ്ച്ചാര്‍ജ് ചെയ്ത ശേഷം എയര്‍ആംബുലന്‍സ് മാര്‍ഗം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും രക്ഷിതാക്കള്‍ പോലീസിനെ അനുവദിച്ചില്ല.

ചൊവ്വാഴ്ച രാത്രിയാണ് മൈസൂരുവിലെ ചാമുണ്ഡിമലയടിവാരത്തെ വിജനമായ സ്ഥലത്ത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ചശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികള്‍ക്കായി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിനു ഡി.ജി.പി. പ്രവീണ്‍ സൂദ് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

തുമ്പായത് ബസ് ടിക്കറ്റ്

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസ് തെളിയിക്കാന്‍ കര്‍ണാടകപോലീസ് നടത്തിയത് സമഗ്രമായ അന്വേഷണം. സംഭവസ്ഥലത്തുനിന്ന് ലഭിച്ച കര്‍ണാടക ആര്‍.ടി.സി. ബസ് ടിക്കറ്റാണ് പ്രതികളിലേക്കെത്താന്‍ സഹായിച്ചതെന്നാണ് പോലീസ് വൃത്തങ്ങളില്‍നിന്നുള്ള വിവരം.

തമിഴ്നാട്ടിലെ തലവാടിയില്‍നിന്നുള്ള ബസ് ടിക്കറ്റ് സംഭവസ്ഥലത്തുനിന്ന് പോലീസിനു ലഭിച്ചിരുന്നു. ഇതോടെ തമിഴ്നാട്ടില്‍നിന്നുള്ളവരാണ് പ്രതികളെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് ബലാത്സംഗം നടന്ന പ്രദേശത്തെ മൊബൈല്‍ ടവറുകളില്‍നിന്ന് ലഭ്യമായ ആയിരത്തിലേറെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചതില്‍നിന്നാണ് തമിഴ്നാട് സ്വദേശികളെ കണ്ടെത്തിയത്. പ്രതികളായ തമിഴ്നാട് സ്വദേശികളുടെ ഫോണ്‍ നമ്പറുകള്‍ സംഭവസമയം പീഡനം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പോലീസിന് മനസ്സിലായി. മൈസൂരു നഗരത്തില്‍നിന്ന് പുറത്തുകടക്കാനുള്ള റോഡുകളിലെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. അതേസമയം, പ്രതികള്‍ ഏതുരീതിയിലാണ് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതെന്ന വിവരം ലഭ്യമായിട്ടില്ല.

വിദ്യാര്‍ഥിനികള്‍ പുറത്തിറങ്ങുന്നത് വിലക്കിയ ഉത്തരവ് മൈസൂരു സര്‍വകലാശാല റദ്ദാക്കി

മൈസൂരു : വിദ്യാര്‍ഥിനികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് വിലക്കിയ മൈസൂരു സര്‍വകലാശാലയുടെ ഉത്തരവ് പിന്‍വലിച്ചതായി കര്‍ണാടക ഉന്നതവിഭ്യാഭ്യാസമന്ത്രി സി.എച്ച്. അശ്വത് നാരായണ്‍. മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെയാണ് വൈകീട്ട് 6.30-നുശേഷം പെണ്‍കുട്ടികള്‍ കാമ്പസിനു പുറത്തിറങ്ങരുതെന്ന് സര്‍വകലാശാല ഉത്തരവ് ഇറക്കിയത്. സര്‍വകലാശാല സ്ഥിതിചെയ്യുന്ന മാനസ ഗംഗ്രോതി കാമ്പസിലേക്ക് പോകരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകം.

പോലീസില്‍നിന്നുള്ള വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് സുരക്ഷയെക്കരുതി ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് സര്‍വകലാശാല അധികൃതരുടെ വാദം. പ്രതിഷേധം ശക്തമായതോടെയാണ് പിന്‍വലിക്കുന്നതായി ഉന്നതവിദ്യാഭ്യാസമന്ത്രി ശനിയാഴ്ച അറിയിച്ചത്.