മൈസൂരു: മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും  വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഇതുവരെയും കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് ഒരുവിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. 

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍വെച്ച് എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ മര്‍ദിച്ചവശനാക്കിയശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. 

മൈസൂരു ലളിതാദ്രിപുര മേഖലയിലാണ് സംഭവം നടന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൈസൂരുവില്‍ എം.ബി.എയ്ക്ക് പഠിക്കുന്ന കര്‍ണാടകയ്ക്ക് പുറത്തുനിന്നുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചാമുണ്ഡി ഹില്‍സിലേക്കുള്ള വിജനമായ പാതയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. അഞ്ചംഗസംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികള്‍ പിന്നീട് ആണ്‍കുട്ടിയെ മര്‍ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു. 

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാന റോഡിലേക്ക് എത്താനായത്. രാത്രി 11 മണിയോടെ ഏറെ പ്രയാസപ്പെട്ടാണ് ഇരുവരും പ്രധാന റോഡിലേക്ക് നടന്നെത്തിയതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളെ ശ്രദ്ധയില്‍പ്പെട്ട ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍നിന്ന് അലനഹള്ളി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. 

സംഭവത്തില്‍ പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ കേസ് അന്വേഷണം സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചാലേ എങ്ങനെയാണ് അതിക്രമം നടന്നതെന്ന് വ്യക്തമാവുകയുള്ളൂ. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. കേസിന്റെ എല്ലാവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: mysuru gang rape case mba student gang raped by a gang on tuesday