പെരുമ്പിലാവ്: ജനത്തെ ഭീതിയിലാക്കുന്നത് അജ്ഞാതനാണോ അജ്ഞാതജീവിയാണോ എന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. കരിക്കാട്, വടക്കേ കരിക്കാട്, വില്ലന്നൂര്‍, കാരുകുളം, അരുവായി, കൊങ്ങണ്ണൂര്‍ മേഖലകളിലാണ് നാട്ടുകാരെ ഭീതിയിലാക്കിയ അജ്ഞാതന്റെ സഞ്ചാരം. കഴിഞ്ഞ ദിവസങ്ങളില്‍ പഴഞ്ഞി, പട്ടിത്തടം, പോര്‍ക്കുളം മേഖലകളില്‍ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാതനാണോ അതോ അജ്ഞാത ജീവിയാണോ എന്നറിയാത്ത ഒരു രൂപം വീട്ടുമുറ്റത്തും മേല്‍ക്കൂരയ്ക്ക് മുകളിലും പ്രത്യക്ഷപ്പെടുന്നത്.

ഇരുട്ടായതിനാല്‍ രൂപം വ്യക്തമാകുന്നില്ലെന്നും കറുത്തിരുണ്ട രൂപമാണെന്നും നാട്ടുകാര്‍ പറയുന്നു. ജനലിലും ഗ്രില്ലിലും വാതിലിലും തട്ടി ശബ്ദമുണ്ടാക്കുന്നതും പതിവാണ്. കഴിഞ്ഞ നാലുദിവസമായി ഇതെന്തെന്നറിയാന്‍ നാട്ടുകാര്‍ കാവലിരുപ്പാണ്. അസാമാന്യ വേഗമാണ് ഈ രൂപത്തിനെന്നും, ദ്രുതഗതിയില്‍ മതിലുകളും പറമ്പുകളും ചാടിക്കടന്നാണ് ഇതിന്റെ സഞ്ചാരമെന്നും പറയുന്നു. രാത്രി എട്ടുമണിയോടെ നാട്ടുകാര്‍ വിവിധ സംഘങ്ങളായി ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞദിവസം നാട്ടുകാര്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് കരിക്കാട് മില്ലിന് സമീപത്തുള്ള ഒരു വീടിന്റെ ടെറസില്‍ കയറുകയും വീടിന് സമീപത്തുനിന്ന മാവിലൂടെ ഊര്‍ന്നിറങ്ങി ഓടി രക്ഷപ്പെടുകയുമാണുണ്ടായതെന്നാണ് പറയുന്നത്.

പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും എവിടെയെങ്കിലും മോഷണം നടന്നതായോ, അക്രമങ്ങള്‍ കാണിച്ചതായോ ഇതുവരെയും പരാതിയൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മാനസിക വിഭ്രാന്തിയുള്ള ആളാണോ എന്നും നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.

ലോക് ഡൗണ്‍ ആയതിനാല്‍ ആളുകള്‍ കൂട്ടംകൂടരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും നാട്ടില്‍ ഭീതിയുണ്ടാക്കുന്ന രൂപത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

ഇതുമായി ബന്ധപ്പെട്ട് അജ്ഞാതന്‍ ഭീതിയുണ്ടാക്കുന്നെന്നും ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്നുവെന്നും കാണിച്ച് രണ്ട് പരാതികളാണ് കുന്നംകുളം പോലീസില്‍ ലഭിച്ചിട്ടുള്ളത്. മേഖലയില്‍ പോലീസ് പരിശോധന ശക്തമാക്കുമെന്ന് അധികാരികള്‍ അറിയിച്ചു.

Content Highlights: mysterious person or animal appears in night, people are panic in kunnamkulam