കുന്നംകുളം: അജ്ഞാതന്റെ ശല്യം കുന്നംകുളത്തും പരിസരപ്രദേശങ്ങളിലേക്കും വ്യാപകമായതോടെ കൂടുതല്‍ പേര്‍ പരിഭ്രാന്തിയില്‍. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രം, ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡ്, അടുപ്പുട്ടി, കക്കാട്, തിരുത്തിക്കാട്, ചിറ്റഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാതനെ കണ്ടതായി പറയുന്നത്. ഇതോടെ പോലീസും ജാഗ്രതയിലായിട്ടുണ്ട്.

രാത്രിയില്‍ പുറത്തിറങ്ങിയ അടുപ്പുട്ടി സ്വദേശി കല്ലാറ്റുപറമ്പില്‍ മോഹനന്‍ കറുത്ത രൂപത്തെ കണ്ട് തളര്‍ന്നുവീണിരുന്നു. അടുപ്പുട്ടി ആശുപത്രിയിലെ കാവല്‍ക്കാരും ഇയാളെ കണ്ടതായി പറയുന്നു. രാത്രിയില്‍ പുറത്തിറങ്ങിയാല്‍ നടപടിയെന്ന് പോലീസ് കുന്നംകുളം: അജ്ഞാതനെ അന്വേഷിക്കാനെന്ന പേരില്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നവരുടെ പേരില്‍ കേസെടുക്കുമെന്ന് എ.സി.പി. ടി.എസ്.സിനോജ് പറഞ്ഞു.

അജ്ഞാതന്‍ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ടെന്നത് പോലീസ് ശരിവെക്കുന്നുണ്ട്. ഇയാളെ പിടിക്കാന്‍ ആരും പുറത്തിറങ്ങേണ്ടതില്ല. പോലീസ് കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അജ്ഞാതനെ കണ്ടെന്നു പറയുന്നവര്‍ക്ക് പോലീസിനെ വിളിക്കാം. 

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നവര്‍, ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയ സാമൂഹികവിരുദ്ധരാണ് ഇതിനുപിന്നിലുള്ളതെന്നാണ് പോലീസ് നിഗമനം. തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.സി.പി. പറഞ്ഞു.

Content Highlights: mysterious man again appears in kunnamkulam area