കൊല്ലം: മാര്‍ക്കറ്റ് ജങ്ഷനുസമീപം പുതൂക്കോണത്ത് വീട്ടിനുള്ളില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പുതൂക്കോണം സീതാമന്ദിരത്തില്‍ സീതാമണി (68) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 14-നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തൈക്കാട് കെ.പി.ഹൗസില്‍ റഹിമിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. 

ഒറ്റയ്ക്ക് താമസിച്ചിരുന്ന സീതാമണിയെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സീതാമണിയുടെ ഭര്‍ത്താവ് 30 വര്‍ഷംമുന്‍പ് മരിച്ചതാണ്. മൂന്നുപെണ്‍മക്കളുടെയും വിവാഹശേഷം ഒരുവര്‍ഷമായി ഇവര്‍ തനിച്ചായിരുന്നു താമസം. അമ്മയെ ടെലിഫോണില്‍ വിളിച്ചിട്ട് കിട്ടാഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഇളയ മകളാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ലീനിങ് വിഭാഗത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന റഹിം അവിടെ വച്ചാണ് സീതാമണിയുമായി പരിചയത്തിലായത്. ആറുമാസത്തിനിടെ പണം ആവശ്യപ്പെട്ട് ഇയാള്‍ സീതാമണിയുടെ വീട്ടില്‍ വന്നുപോകാറുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ട ഇയാള്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനായി 50,000 രൂപ ആവശ്യപ്പെട്ടിരുന്നു. 

സംഭവദിവസം വീട്ടിലെത്തിയ പ്രതി പണത്തിനുവേണ്ടി സീതാമണിയുമായി വാക്കുതര്‍ക്കമുണ്ടായി. ഭക്ഷണത്തിനുശേഷം ഉറങ്ങുകയായിരുന്ന സീതാമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയിണ മുഖത്ത് അമര്‍ത്തി മരണം ഉറപ്പാക്കിയശേഷം ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 23,000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി. തെളിവു നശിപ്പിക്കുന്നതിനായി വീട്ടിനുള്ളിലാകെ ലോഷന്‍ തളിച്ചു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി, കളഞ്ഞുകിട്ടിയ പേഴ്സില്‍ ഒരു യുവാവും യുവതിയും ഒരുമിച്ചുള്ള ഫോട്ടോ, ഫോണ്‍ നമ്പരുകള്‍ എഴുതിയ കടലാസുകള്‍, കുറച്ചുരൂപ എന്നിവ തിരുകി മൃതദേഹത്തിനരികില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് വീടുപൂട്ടി കടക്കുകയായിരുന്നു. മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.

കൊല്ലം റൂറല്‍ എസ്.പി. ബി.അശോകന്‍, പുനലൂര്‍ ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. അനില്‍കുമാര്‍, കടയ്ക്കല്‍, അഞ്ചല്‍ സി.ഐ.മാരായ എസ്.സാനി, എ.അഭിലാഷ്, എസ്.ഐ. മാരായ ദിലീഷ്, മനാഫ്, മഹേഷ്, എസ്.ബിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് വെഞ്ഞാറമൂട്ടില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Content highlights: Police, Arrest, Kollam, Medical college, Thiruvananthapuram, Murder