കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ വാഹനങ്ങളുടെ വിവരങ്ങളറിയാന്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്. മോന്‍സണിന്റെ പല വാഹനങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ഥ രേഖകളെല്ലെന്നാണ് നിഗമനം. രേഖകളുടെ ആധികാരികത കണ്ടെത്താനാണ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് കത്ത് നല്‍കിയത്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടിയെന്ന് എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

കലൂരിലെ വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. മിക്കതിന്റെയും ടയര്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. എന്‍ജിന്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചതാണ് ഇവ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വാഹന വില്‍പ്പനക്കാരില്‍ നിന്നാണ് മോന്‍സണ്‍ കാറുകള്‍ വാങ്ങിയത്. കണ്ടം ചെയ്യാറായ വാഹനങ്ങള്‍ തുച്ഛവിലയില്‍ വാങ്ങിക്കുകയായിരുന്നു.

മോന്‍സണിനെതിരേ കേസെടുക്കാന്‍ തക്ക നിയമലംഘനങ്ങള്‍ നിലവില്‍ കണ്ടെത്താനായിട്ടില്ല. വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ വീഴ്ത്തുന്നതിനു വേണ്ടി മാത്രമാണ് കാറുകള്‍ ഉപയോഗിച്ചിരുന്നത്. വാഹനങ്ങള്‍ റോഡില്‍ ഇറക്കാത്തതിനാല്‍ത്തന്നെ നിയമലംഘനം നടത്തിയതായി തെളിയിക്കാനുള്ള സാധ്യതയും കുറവാണ്.

എട്ട് കാറുകളാണ് അധികൃതര്‍ പരിശോധിച്ചത്. ടൊയൊട്ട, മസ്ത, ലാന്‍സ്‌ക്രൂയിസര്‍, റേഞ്ച് റോവര്‍, ബെന്‍സ്, ഡോഡ്ജ്, ഫെറാരി തുടങ്ങിയ കമ്പനികളുടെ കാറുകളാണിവ. കാറുകള്‍ക്കെല്ലാം തന്നെ രൂപമാറ്റവും വരുത്തിയിട്ടുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.

മോന്‍സണെതിരേ ഒരു കേസു കൂടി

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പു നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരേ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. പുരാവസ്തു വ്യാപാരി സന്തോഷ് നല്‍കിയ പരാതിയിലാണിത്. ശില്പങ്ങള്‍ വാങ്ങിയ ശേഷം മൂന്നു കോടി രൂപ നല്‍കാതെ കബളിപ്പിച്ചു എന്നാണ് പരാതി.

മോന്‍സണിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ ഏറെയും സന്തോഷ് നല്‍കിയതായിരുന്നു. 'മോശയുടെ അംശവടി' എന്ന് മോന്‍സണ്‍ അവകാശപ്പെട്ട വസ്തുവും ശില്പങ്ങളുമൊക്കെ സന്തോഷാണ് നല്‍കിയത്. ഇതിന്റെ പണം നല്‍കിയില്ല. പുരാവസ്തു വിറ്റ വകയില്‍ തന്റെ അക്കൗണ്ടില്‍ വന്ന കോടിക്കണക്കിന് പണം ആര്‍.ബി.ഐ. തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇത് ലഭിച്ചാല്‍ പണം നല്‍കാമെന്നുമായിരുന്നു മോന്‍സണ്‍ അറിയിച്ചിരുന്നത്.

സന്തോഷിന്റെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് മോന്‍സണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരെ ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് എസ്.പി.യുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. സന്തോഷിന് പണം നല്‍കാനുണ്ടെന്ന് മോന്‍സണ്‍ മൊഴി നല്‍യിട്ടുമുണ്ട്.

മോന്‍സണിന്റെ തട്ടിപ്പുകേസുകളില്‍ ക്രൈം ബ്രാഞ്ച് റേഞ്ച് ഐ.ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവുശേഖരണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ശില്പി സരേഷിന്റെ പരാതിയില്‍ ഇയാളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.

അതേസമയം, തൃശ്ശൂരിലെ വ്യവസായി ഹനീഷ് ഒല്ലൂര്‍ പോലീസില്‍ മോന്‍സണിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. 17 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി. 

വിദേശബന്ധങ്ങളിലേക്ക് അന്വേഷണം

വിദേശത്തുനിന്ന് മോന്‍സണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് അന്വേഷണം. മോന്‍സണ്‍ന്റെ ഇടപാടുകളില്‍ കള്ളപ്പണത്തിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മോന്‍സണിലൂടെ വെളിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ബിനാമി ഏര്‍പ്പാട് കൂടാതെ, നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിച്ചുതാമസിക്കാന്‍ മോന്‍സണ്‍ സഹായം നല്‍കി തുടങ്ങിയ സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം കൂടി നടത്തിയ സാഹചര്യത്തില്‍ മോന്‍സണ്‍ ബന്ധപ്പെട്ടിരുന്ന വിദേശത്തുള്ളവരെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.മോന്‍സണ് ഡല്‍ഹിയിലടക്കം ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. വിദേശ ബന്ധങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ഇയാള്‍ ചോദ്യംചെയ്യലില്‍ പ്രതികരിച്ചില്ല. മോന്‍സണിന്റെ കമ്പനിക്ക് യു.എസ്.എ, കാനഡ, യു.കെ. യൂറോപ്യന്‍ യൂണിയന്‍, യു.എ.ഇ, മലേഷ്യ, ഘാന, തുര്‍ക്കി, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ ശാഖയുണ്ടെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്.

ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്നും അന്വേഷിക്കും. വിദേശയാത്ര ചെയ്യാത്ത മോന്‍സണ്‍ വിദേശങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള സാധ്യത കുറവാണ്. എന്നാല്‍, വിദേശത്തുള്ളവര്‍ ആരെങ്കിലും മോന്‍സണെ സഹായിച്ചിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

വീരവാദങ്ങള്‍ അന്വേഷിക്കും

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ അന്വേഷണ സംഘം. ഇയാള്‍ത്തന്നെ പരാതിക്കാരോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് മോന്‍സണ്‍ പറഞ്ഞതായി പരാതിക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മുംബൈയില്‍ വെച്ച് ഒരാളെ വെടിവെച്ചു കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്നാണത്രെ മോന്‍സന്‍ പറഞ്ഞത്.

തനിക്ക് മുംബൈ അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മോന്‍സണ്‍ പരാതിക്കാരോട് പറഞ്ഞിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇത്തരം കൃത്യങ്ങള്‍ ഇയാള്‍ മുംബൈയിലോ ഡല്‍ഹിയിലോ നടത്തിയിട്ടുണ്ടോ എന്നാകും പരിശോധിക്കുക. മോന്‍സണ്‍ ഇതെല്ലാം മറ്റുള്ളവരെ ഭയപ്പെടുത്താനും ആളാകാനും തട്ടിവിട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇയാള്‍ക്ക് ഡല്‍ഹിയിലടക്കം വലിയ ബന്ധങ്ങള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിലേക്ക് പോകുന്നത്.