മൂവാറ്റുപുഴ: പട്ടാപ്പകല്‍ വീടുകളില്‍ കയറി കവര്‍ച്ച നടത്തുന്ന പെണ്‍നാടോടി സംഘം മൂവാറ്റുപുഴയില്‍ എത്തിയതായി സൂചന. കടാതിയില്‍ തിങ്കളാഴ്ച വീട്ടില്‍ കയറിയ കവര്‍ച്ചാ സംഘത്തിലെ സ്ത്രീ പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് നടത്തിയ വിശദാന്വേഷണത്തിലാണ് ഈ സംശയം ബലപ്പെടുത്തുന്നത്. മൂവാറ്റുപുഴ കടാതി നടുക്കുടിയില്‍ ബിജുവിന്റെ വീട്ടില്‍ കയറിയ സംഘമാണ് എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിയായ കൃഷ്ണയെ ആക്രമിച്ചത്. മോഷണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈകാലുകളില്‍ പിടിമുറുക്കി കൃഷ്ണയെ വീഴ്ത്തുകയായിരുന്നു. എന്നാല്‍, ആഭരണം കൊണ്ടുപോകാതെ കൃഷ്ണ സംരക്ഷിച്ചു.

വീടിന്റെ പിന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് സംഘം അകത്തുകടന്നത്. ഓണ്‍ലൈന്‍ ക്ലാസിലിരിക്കെ വീട്ടിലെ മുറിയില്‍ ആളനക്കം കേട്ടാണ് കൃഷ്ണ അലമാരയില്‍ കവര്‍ച്ചക്കൊരുങ്ങുന്ന നാടോടി സ്ത്രീയെ കാണുന്നത്. ഹെഡ് ഫോണിലൂടെ ആരോടോ സംസാരിച്ചുകൊണ്ടായിരുന്നു മോഷണ ശ്രമം. ധൈര്യം സംഭരിച്ച് മോഷണം തടഞ്ഞ കൃഷ്ണയെ വീഴ്ത്തി നാടോടി സ്ത്രീ ആഭരണം കവരാന്‍ ശ്രമം തുടര്‍ന്നു. ആഭരണപ്പെട്ടി കൈക്കലാക്കിയ കൃഷ്ണ അത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒപ്പം ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ അവര്‍ കൈയില്‍ കിട്ടിയ പണവുമായി കടന്നു. കൃഷ്ണ വിവരം അറിയിച്ചതോടെ ഉടന്‍ പോലീസ് സംഘമെത്തി പരിശോധന നടത്തി. പെണ്‍കുട്ടിയുടെ മൊഴി കൂടാതെ സാധ്യമായ സി.സി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

വീട്ടില്‍ നിന്ന് നാടോടി സംഘത്തിന്റേതായി കണ്ടെത്തിയ സഹായ അഭ്യര്‍ത്ഥനാ കാര്‍ഡ് പ്രധാന സൂചനയാണ്. ബിജുവിന്റെ വീട്ടില്‍ കഴിഞ്ഞ മൂന്നു ദിവസമായി ഈ സംഘം എത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം മുകളിലത്തെ നിലയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. രണ്ട് വെള്ള സംഭരണിയുള്ളതില്‍ ഒന്നിലെ വെള്ളം ഇതിനു മുന്നെ ഒഴുക്കിക്കളഞ്ഞ നിലയിലും കണ്ടെത്തി.എന്നാല്‍ ഇതൊന്നും അത്ര ഗൗരവമായി പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസവും വീട്ടിലെ വളര്‍ത്തുനായ പകല്‍നേരം ഉച്ചത്തില്‍ കുരച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച നായ ശബ്ദം ഉണ്ടാക്കിയിരുന്നില്ല.

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സമാനമായ രീതിയിലുള്ള ആള്‍ സംഘങ്ങള്‍ ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന പോലീസ് ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഇത്തരം സംഘങ്ങള്‍ കവര്‍ച്ചക്കെത്തുമ്പോള്‍ പ്രത്യേക സ്ഥലങ്ങളില്‍ കാത്തു നില്‍ക്കുന്നവരും സന്ദേശങ്ങള്‍ നല്കുന്നവരും ഉണ്ടാകും. കടാതിയിലെ വീടിനു പരിസരത്തോ മറ്റിടങ്ങളിലോ ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുറുവാ സംഘം എന്നറിയപ്പെടുന്ന മോഷ്ടാക്കള്‍ കേരളത്തിലെത്തിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് സംഭവമെന്നത് ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്.

ജാഗ്രത പാലിക്കണം - പോലീസ്

മൂവാറ്റുപുഴ: പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് മൂവാറ്റുപുഴ പോലീസ് അറിയിച്ചു. സംശയകരമായ സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ പോലീസില്‍ വിവരം അറിയിക്കണം.

പകല്‍നേരം യാചക വേഷത്തിലും സഹായങ്ങള്‍ ചോദിച്ചും വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. അടുത്തേക്കു വരാനോ, വീട്ടില്‍ പ്രവേശിക്കാനോ അനുവദിക്കരുത്. വാതിലുകള്‍ ഭദ്രമായി അടച്ചിടണമെന്നും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.