മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരമധ്യത്തില്‍ വാണിജ്യ സമുച്ചയത്തിനു മുകളില്‍ വന്‍ മയക്കുമരുന്ന് ഉപയോഗ കേന്ദ്രം കണ്ടെത്തി. ഉപയോഗിച്ച ആയിരക്കണക്കിന് സിറിഞ്ചുകളും ബ്ലേഡുകളും അടുപ്പുകളും ഇവിടെ നിന്നും കണ്ടെത്തി.

മൂവാറ്റുപുഴ നെഹ്റുപാര്‍ക്കിലെ നഗരസഭാ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിനു മുകളില്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച പുറത്തുകൊണ്ടുവന്നത്. ടെറസിനു മുകളില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് മാഫിയ തമ്പടിച്ചിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. ഇവിടേയ്ക്ക് ആരും ചെല്ലാറുണ്ടായിരുന്നില്ല. ഇരുനിലകളിലായി നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ കെട്ടിടസമുച്ചയത്തിന്റെ ടെറസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന മരവാതില്‍ തകര്‍ത്താണ് സംഘം ഇവിടെ തമ്പടിച്ചിരുന്നത്. നഗരസഭയുടെ കെട്ടിടങ്ങള്‍ അടിച്ചുവാരി വൃത്തിയാക്കാന്‍ കാലങ്ങളായി ആരും ശ്രമിച്ചിരുന്നില്ല.

പുതിയ കൗണ്‍സില്‍ അധികാരത്തിലെത്തിയതോടെ കെട്ടിടങ്ങള്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് തൊഴിലാളികള്‍ കെട്ടിടത്തിലെത്തിയതും യുവാക്കളുടെ ലഹരിത്താവളം കണ്ടെത്തിയതും.

ടെറസ് നിറയെ ഉപയോഗിച്ച സിറിഞ്ചുകള്‍

ടെറസ് നിറയെ ഉപയോഗിച്ച സിറിഞ്ചുകള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. നിരവധി ബ്ലേഡുകളും സ്ഥലത്ത് നിക്ഷേപിച്ചിരുന്നു. അങ്ങിങ്ങായി ചെറിയ അടുപ്പുകളും കണ്ടെത്തി. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വലിച്ചെറിഞ്ഞിരുന്ന സിറിഞ്ചുകളും മറ്റും ശേഖരിച്ച് ചാക്കില്‍ കെട്ടി തകര്‍ത്ത വാതില്‍ പുന:സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച തൊഴിലാളികള്‍ എത്തിയപ്പോള്‍ വാതില്‍ വീണ്ടും തകര്‍ത്തതായി കണ്ടെത്തി.

ചാക്കില്‍ കെട്ടി വച്ചിരുന്ന സിറിഞ്ചും മറ്റും വീണ്ടും നിരത്തിയിരുന്നു. നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോലീസിലും എക്സൈസിലും വിവരം അറിയിച്ചു.