മൂവാറ്റുപുഴ: അസ്വാഭാവിക മരണം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. സുഹൃത്തായ പ്രതിയെ പിടികൂടി. മൂവാറ്റുപുഴ വാളകം മേക്കടമ്പ് അമ്പലംപടി പടിഞ്ഞാറേ ഓലിക്കൽ പരേതനായ പൗലോസിന്റെ മകൻ ബിനോയി (വൈദ്യൻ-48) യെയാണ് കഴിഞ്ഞ ഓഗസ്റ്റ് 17-ന് ഓലിക്കൽ ചിറയ്ക്ക് സമീപത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് വാളകം മേക്കടമ്പ് ഓലിക്കൽ വീട്ടിൽ രാജീവാ (45) ണ് അറസ്റ്റിലായത്.

രാവിലെ ഉറക്കമുണർന്നപ്പോൾ ബിനോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. വീട്ടിൽ മരിച്ചു കിടന്ന ബിനോയിയുടേത് സ്വാഭാവിക മരണമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം സമയത്ത് പോലീസ് സർജൻ കണ്ടെത്തിയ ചില മുറിവുകളെത്തുടർന്ന് പോലീസ് കൂടുതൽ അന്വേഷണം നടത്തി. കൂടെ മദ്യപിച്ചവരെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു.

അസ്വാഭാവിക മരണമാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. കേസിൽ ദുരൂഹത മനസ്സിലാക്കിയ റൂറൽ എസ്.പി.യുടെ നിർദേശത്തെത്തുടർന്ന് ചോദ്യം ചെയ്ത് വിട്ടയച്ചവരെ പോലീസ് നിരീക്ഷിച്ചു. ഇതിൽ രാജീവിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ പോലീസ് ഇയാളെ പ്രത്യേകം നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ കേസിന്റെ വഴി മാറി.

മദ്യലഹരിയിൽ തുടങ്ങിയ വഴക്ക് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച ശേഷം തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ടി.വി. വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയുന്നു. മുൻ വൈരാഗ്യമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രാജീവിനൊപ്പം വാടക വീട്ടിലായിരുന്നു ബിനോയിയുടെ താമസം. രണ്ടു വർഷത്തോളമായി ഭാര്യയും കുട്ടികളും ഒപ്പമുണ്ടായിരുന്നില്ല. നാട്ടുവൈദ്യനായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ മുഹമ്മദ് എം.എ., എസ്.ഐ. ജോൺ, എ.എസ്.ഐ. ഷക്കീർ, സിവിൽ പോലീസ് ഓഫീസർ അഗസ്റ്റിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights:muvattupuzha binoy murder