മുതുകുളം: ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ചു നല്‍കാമെന്നേറ്റു പലരോടായി സ്വര്‍ണംവാങ്ങി മുങ്ങിയ മുതുകുളം ആയില്യത്ത് ജൂവലേഴ്‌സ് ഉടമ ഉണ്ണിക്കൃഷ്ണന്‍ നടത്തിയത് വ്യാപകതട്ടിപ്പ്. കൂടുതല്‍ പേര്‍ ഇയാള്‍ക്കെതിരേ പരാതിയുമായെത്തി.

മുതുകുളത്തെ ഒരു പൊതുപ്രവര്‍ത്തകയില്‍നിന്നു 10 പവനാണ് ഇയാള്‍ കബളിപ്പിച്ചുവാങ്ങിയത്. മുതുകുളം വടക്ക് സ്വദേശിയായ സ്ത്രീയോടും മറ്റൊരാളോടും 10 പവന്‍ വീതം വാങ്ങിയതായും പരാതിയുണ്ട്. മുതുകുളത്തുകാരായ രണ്ടു സ്ത്രീകളുടെ പക്കല്‍നിന്നും സ്വര്‍ണംവാങ്ങി. അന്‍പതിലധികം പവന്‍ തട്ടിയെടുത്തതായാണു പരാതി ലഭിച്ചിട്ടുള്ളത്.

വിവാഹാവശ്യത്തിനു സ്വര്‍ണം നല്‍കാമെന്നേറ്റു മുന്‍കൂറായി രണ്ടുപേരില്‍നിന്നും 14 ലക്ഷം രൂപയും വാങ്ങിയിട്ടുണ്ട്. മാവേലിക്കര സ്വദേശിയും സമാന പരാതിയുമായെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം സെപ്റ്റംബര്‍ എട്ടിനാണ്. രണ്ടുവര്‍ഷംമുന്‍പ് 3.1 ലക്ഷം രൂപ നല്‍കി. വിവാഹത്തിന് അന്നത്തെ വിലയ്ക്ക് ഉരുപ്പടികള്‍ നല്‍കാമെന്നാണേറ്റിരുന്നത്.

കനകക്കുന്ന് പോലീസ് സ്റ്റേഷനില്‍ 23 പേരാണ് പരാതിയുമായെത്തിയത്. മുതുകുളം വടക്ക് സ്വദേശിയായ ഭവാനിയുടെ പരാതിയില്‍ പോലീസ് ഉണ്ണിക്കൃഷ്ണനെതിരേ കേസെടുത്തിരുന്നു. ഇവരില്‍നിന്ന് 17.5 പവനാണ് തട്ടിയെടുത്തത്. ഹാള്‍ മാര്‍ക്ക് മുദ്രയില്ലെങ്കില്‍ വിലകിട്ടില്ലെന്നാണു മിക്കവരെയും ധരിപ്പിച്ചിരുന്നത്.

ഉയര്‍ച്ചയും പതനവും വേഗത്തില്‍

ഒരു യുവജന സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഉണ്ണിക്കൃഷ്ണന്‍. അക്കാലത്ത് ഇയാള്‍ക്ക് നങ്ങ്യാര്‍കുളങ്ങരയിലെ ജൂവലറിയിലായിരുന്നു ജോലി. തുടര്‍ന്ന് കുറച്ചുനാള്‍ കായംകുളത്തെ സ്വര്‍ണക്കടയിലും ജോലിചെയ്തു. പിന്നീടാണു മുതുകുളം പാണ്ഡവര്‍കാവ് ജങ്ഷനില്‍ ആയില്യത്ത് ജൂവലറി എന്ന സ്ഥാപനം തുറക്കുന്നത്.

ആദ്യം കച്ചവടം നല്ലരീതിയിലായിരുന്നു. തുടര്‍ന്ന് കൊല്ലകല്‍ ക്ഷേത്രത്തിനു കിഴക്കുഭാഗത്തായി ആഡംബരഭവനം നിര്‍മിച്ചു. പിന്നാലെ ആയില്യത്ത് ട്രാവല്‍സ് എന്നൊരു സ്ഥാപനവും തുടങ്ങി. മൂന്ന് മിനിബസുകളും ഇതിനായി വാങ്ങി.

ഇതിനിടെ യുവജന സംഘടനയില്‍നിന്നു പതുക്കെയകലാന്‍തുടങ്ങി. അടുത്തിടെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയോടാണ് അനുഭാവം പുലര്‍ത്തിയിരുന്നത്. മൂന്നാഴ്ച മുന്‍പ് വേറൊരു യുവജനസംഘടനയില്‍ അംഗത്വവുമെടുത്തിരുന്നു.വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിഭാഗം നേതാവുമായിരുന്നു.

ഹാള്‍ മാര്‍ക്കില്ലാത്ത ആഭരണം സൂക്ഷിക്കുന്നതില്‍ തടസ്സമില്ല

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഹാള്‍ മാര്‍ക്കുള്ള ആഭരണങ്ങള്‍ മാത്രമേ കടകളില്‍ വില്‍പ്പന നടത്താന്‍ പാടുള്ളൂ. എന്നാല്‍, ഇതില്ലാത്ത ആഭരണങ്ങള്‍ ആളുകള്‍ കൈവശം വയ്ക്കുന്നതിനു തടസ്സമില്ല. സ്വര്‍ണക്കടക്കാര്‍ക്ക് ഇത്തരം ആഭരണങ്ങള്‍ വാങ്ങുന്നതിനും വിലക്കില്ല. ആളുകള്‍ക്ക് സ്വര്‍ണാഭരണം സ്വന്തം നിലയില്‍ ഹാള്‍ മാര്‍ക്ക് ചെയ്യിക്കാന്‍ കഴിയും. ഇതിനുള്ള സ്ഥാപനങ്ങളില്‍ ആഭരണങ്ങളെത്തിച്ചാല്‍ 10 മിനിറ്റിനകം മുദ്രണം നടത്തിക്കിട്ടും. സമീപ പ്രദേശങ്ങളില്‍ തിരുവല്ല, അടൂര്‍ എന്നിവിടങ്ങളില്‍ ഹാള്‍ മാര്‍ക്കിങ് സ്ഥാപനങ്ങളുണ്ട്.