തൊടുപുഴ: ഓഫീസ് തുറക്കാനെത്തിയ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ ഒരുസംഘം ആക്രമിച്ചു. തൊടുപുഴ കെകെആര്‍ ജങ്ഷനിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖാ മാനേജര്‍ ജോയ്, നവീന്‍ എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. 

രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മര്‍ദനമേറ്റതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. സിഐടിയു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ പരാതിയില്ലെന്നാണ് മാനേജറുടെ നിലപാട്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

തൊഴിലാളി സമരം കാരണം തുറക്കാതിരുന്ന മുത്തൂറ്റ് ഫിനാന്‍സ് ശാഖ ഓഫീസ് കഴിഞ്ഞദിവസം പോലീസ് സംരക്ഷണയില്‍ പ്രവര്‍ത്തിച്ചിരുന്നു. ചൊവ്വാഴ്ച ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമുണ്ടാവുമെന്നായിരുന്നു ജീവനക്കാര്‍ക്ക് ലഭിച്ച വിവരം. ഇതനുസരിച്ചാണ് ഇരുവരും രാവിലെ ഓഫീസിലെത്തിയത്. 

എന്നാല്‍, ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ സംഘടനയ്ക്ക് പങ്കില്ലെന്ന് സിഐടിയു നേതൃത്വം പ്രതികരിച്ചു. 

Content Highlights: muthoot finance employees attacked by citu workers in thodupuzha, two injured