സീതാപുര്(യു.പി): മുത്തലാഖിന്റെ പേരിൽ നൽകിയ കേസ് പിൻവലിക്കാത്തതിന് ഭർത്തൃബന്ധുക്കൾ യുവതിയുടെ മൂക്ക് അരിഞ്ഞെന്ന് പരാതി. ഉത്തർപ്രദേശിലെ സീതാപുരിലാണു സംഭവം. ഫോണിലൂടെ മകളെ മുത്തലാഖ് ചൊല്ലിയതായി അവരുടെ അമ്മയാണു പോലീസിൽ പരാതിപ്പെട്ടത്.
എന്നാൽ മൂർച്ചയുള്ള ആയുധമുപയോഗിച്ച് യുവതി സ്വയം പരിക്കേൽപ്പിക്കുകയായിരുന്നെന്നും തങ്ങളെ കല്ലുകൊണ്ടു മർദിച്ചെന്നും ഭർത്താവിന്റെ സഹോദരൻ ആരോപിച്ചു.
ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി മധ്യസ്ഥതയ്ക്കു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും തുടർന്ന് മുത്തലാഖ് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
വാട്‌സാപ്പിലൂടെ മുത്തലാഖ്
ലഖ്‌നൗ: സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നെന്ന് കേസുകൊടുത്ത യുവതിയെ, കുവൈറ്റിലുള്ള ഭർത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു.
യു.പി.യിലെ സിഖേഡ ഗ്രാമത്തിലാണ് സംഭവം. അഞ്ചുലക്ഷംരൂപ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചെന്ന കേസ് മേയ് 27-നാണ് രജിസ്റ്റർ ചെയ്തത്. കേസ് പിൻവലിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. തുടർന്ന്, കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവ് ബുധനാഴ്ച വാട്‌സാപ്പിലൂടെ തന്നെ മുത്തലാഖ് ചൊല്ലിയെന്നു പരാതി ലഭിച്ചതായും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.
അജ്മേർ ദർഗയുടെ മേൽനോട്ടക്കാരനായ അറുപതുകാരൻ അറസ്റ്റിൽ
ജയ്‌പുർ: രാജസ്ഥാനിൽ 26-കാരിയായ ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന കേസിൽ അജ്മേർ ദർഗയുടെ മേൽനോട്ടക്കാരൻ സലിമുദ്ദീനെ (60) പോലീസ് അറസ്റ്റുചെയ്തു. 2017-ലായിരുന്നു ഇവരുടെ വിവാഹം. തുടക്കം മുതൽ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും പിന്നീട് മുത്തലാഖ് ചൊല്ലിയെന്നുമാണ് പരാതി.
Content Highlights: Muthalaq, in laws nabbed woman's nose for not withdrawing case