ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഏറെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ പോലീസിന്റെ പിടിയിലായത്. 26 കാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം തീകൊളുത്തി കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

യുവതിയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കിയത് പ്രതികളാണെന്നും ഇവര്‍ ലോറി ഡ്രൈവര്‍മാരാണെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. യുവതിയുടെ സ്‌കൂട്ടറുമായി ഒരു യുവാവ് രാത്രി ഒമ്പതര മണിയോടെ വന്നിരുന്നതായി സമീപത്തെ പഞ്ചര്‍ കടയുടമയും പറഞ്ഞിരുന്നു. 

ബുധനാഴ്ച  രാത്രിയാണ് യുവതിയെ കാണാതായത്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ പുറപ്പെട്ട യുവതി ഷംഷാബാദിലെ ടോള്‍ബൂത്തിന് സമീപം വാഹനം നിര്‍ത്തി ചർമ്മരോഗവിദഗ്ധനെ കാണാന്‍ പോയിരുന്നു. രാത്രി ഒമ്പതുമണിയോടെ തിരികെ എത്തിയപ്പോള്‍ സ്‌കൂട്ടര്‍ പഞ്ചറായനിലയില്‍ കണ്ടു. ഈ വിവരം സഹോദരിയെ വിളിച്ചുപറയുകയും ചെയ്തു. തനിക്ക് ഇവിടെനില്‍ക്കാന്‍ പേടിയാകുന്നുവെന്നും സമീപത്ത് നിറയെ ലോറി ഡ്രൈവര്‍മാരുണ്ടെന്നുമാണ് യുവതി ഫോണിലൂടെ പറഞ്ഞത്. ചിലര്‍ പഞ്ചറടയ്ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി വീട്ടിലേക്ക് വരാനാണ് സഹോദരി ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാവിലെ യുവതിയുടെ വസ്ത്രങ്ങളും ബാഗും ചെരുപ്പും ടോള്‍ബൂത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ഒരു മദ്യക്കുപ്പിയും ഇതിനോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവിടെനിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പാലത്തിനടിയില്‍നിന്നാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. എഴുപതുശതമാനത്തോളം പൊള്ളലേറ്റനിലയിലാണ് മൃതദേഹം കണ്ടതെന്നും ഇവിടെനിന്ന് പത്തുകിലോമീറ്റര്‍ മാറിയാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. 

Content Highlights: woman veterinary doctor murder in telangana, police suspect rape, four taken custody