തൃശ്ശൂർ: സ്വർണം കവർച്ചചെയ്യാൻ ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, കവർച്ച, ഭവനഭേദനം എന്നിവയാണ് കുറ്റങ്ങൾ. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.

ഹൗറ ജില്ലയിൽ ശ്യാംപൂർ-കാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത(38) യെയാണ് തൃശ്ശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഇരിങ്ങാലക്കുട കണ്ഠേശ്വരം പണ്ടാരത്ത് പറമ്പിൽ ഭരതന്റെ കീഴിൽ സ്വർണാഭരണ ജോലിക്കാരനായിരുന്ന ഹൗറ സ്വദേശി

ജാദബ് കുമാർ ദാസ്(25) ആണ് 2012 ഒക്ടോബറിൽ കൊല്ലപ്പെട്ടത്. കണ്ഠേശ്വരത്തുള്ള താമസസ്ഥലത്തുവെച്ചായിരുന്നു സംഭവം. ഭരതന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് ജാദബ് കുമാർ ദാസ് താമസിച്ച് ജോലിചെയ്തിരുന്നത്. അടുത്ത ബന്ധുവായ അമിയയും ഏതാനും നാൾ അവിടെ ജോലിചെയ്തിരുന്നു. പിന്നീട് ഇയാൾ നാട്ടിലേക്കു മടങ്ങിപ്പോയിരുന്നു.

കൊലപാതകത്തിന് അഞ്ചു ദിവസം മുമ്പ് ആഭരണങ്ങൾ പണിയുന്നതിന് 215 ഗ്രാം സ്വർണ്ണക്കട്ടി ഭരതൻ, ജാദബ് കുമാർ ദാസിനെ ഏൽപ്പിച്ചിരുന്നു. ആഭരണ നിർമാണം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം വൈകീട്ട് പ്രതി ജാദബ് കുമാർ ദാസിന്റെ താമസസ്ഥലത്ത് എത്തി. ആഭരണപ്പണി പരിശോധിക്കാൻ ചെന്ന ഭരതനോട് അമിയ എത്തിയിട്ടുണ്ടെന്ന വിവരം ജാദബ് പറഞ്ഞിരുന്നു.

രാത്രി കൊലനടത്തിയ പ്രതി അതിരാവിലെ തൃശ്ശൂരിലെത്തി തീവണ്ടിയിൽ ബംഗാളിലേക്ക് കടന്നു. അഴുകിത്തുടങ്ങിയ ശവശരീരം രണ്ടുദിവസം കഴിഞ്ഞാണ് കണ്ടെത്തിയത്. മറ്റു തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജാദബ് കുമാർ ദാസിനൊപ്പം സംഭവദിവസം കാലത്ത് അമിയയെ സമീപത്തെ താമസക്കാരായ മറ്റു തൊഴിലാളികൾ കണ്ടിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സ്വദേശമായ പശ്ചിമ ബംഗാളിൽ എത്തിച്ചേർന്നതായി മനസ്സിലാക്കി. ബംഗാളിലെത്തിയ പോലീസിന് അഞ്ചു ദിവസത്തിനകം അറസ്റ്റുചെയ്യാൻ സാധിച്ചു. കവർച്ചചെയ്ത സ്വർണ ഉരുപ്പടികൾ ഫർഗാന ജില്ലയിൽ ചക്രാപൂർ ഗ്രാമത്തിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിൽനിന്ന്‌ കണ്ടെടുത്തു.

ഇരിങ്ങാലക്കുട സി.ഐ. ആയിരുന്ന ടി.എസ്. സിനോജാണ് കേസന്വേഷിച്ചത്.

കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ ഹാജരായി.