തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയെ വധിക്കാന്‍ ജയിലില്‍ ക്വട്ടേഷന്‍. ഫ്‌ളാറ്റ് കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന റഷീദിനും തീവ്രവാദക്കേസില്‍ ജയിലില്‍ കിടക്കുന്ന അനൂപിനുമാണ് സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് മൊഴി. കാസര്‍കോടുനിന്നും പെരുമ്പാവൂരില്‍നിന്നുമുള്ള ഗുണ്ടാസംഘമാണ് ഇതിനു പിന്നിലെന്നാണ് റഷീദ് പറഞ്ഞത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷനാണോയെന്ന സംശയമുണ്ട്. സ്വര്‍ണക്കടത്തിലെ കൊടുവള്ളിസംഘമുള്‍പ്പെടെയുള്ളവര്‍ക്ക് സുനിയോട് വിരോധമുണ്ടെന്നാണ് അറിയുന്നത്.

ക്വട്ടേഷന്‍ സംഭവത്തില്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി രേഖപ്പെടുത്തി. എന്നാല്‍, കൂടുതല്‍ നടപടികളുണ്ടായില്ല. ജയിലില്‍ കാണാനെത്തിയ സുഹൃത്തിനോട് കൊടി സുനി തന്നെ ഇത് വെളിപ്പെടുത്തുകയും ചെയ്തു. സുനിയെ തലയ്ക്കടിച്ചുകൊല്ലാന്‍ സഹതടവുകാരനായ വാടാനപ്പള്ളി സ്വദേശി ബിന്‍ഷാദിനോട് റഷീദ് ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. 10 ലക്ഷം രൂപയാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. ബിന്‍ഷാദ് സംഭവം സുനിയോട് പറയുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം റഷീദും സുനിയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടയില്‍ ക്വട്ടേഷന്‍കാര്യം റഷീദ് തന്നെ സുനിയെ നേരിട്ടറിയിച്ചു.

സുനിയുടെ പരാതിയെത്തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് ബിന്‍ഷാദിന്റെ മൊഴി രേഖപ്പെടുത്തിയത്. പക്ഷേ, ഇത് പോലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തില്ല. മറ്റൊരാളുടെ ഫോണ്‍ വഴി വിവരം പുറത്തറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയതെന്നും സുനി പറയുന്നു. തുടര്‍ന്നാണ് അതിസുരക്ഷാ ജയിലിലേക്ക് സുനിയെ മാറ്റിയത്.

റഷീദിന് ജയിലില്‍ സര്‍വസ്വാതന്ത്ര്യം

റഷീദ് ജയിലില്‍ പൂര്‍ണസ്വാതന്ത്ര്യമാണ് അനുഭവിച്ചിരുന്നതെന്ന് മറ്റു തടവുകാര്‍ പറയുന്നു. ഇയാളുടെ ഫോണ്‍ ഉപയോഗം ജയില്‍ അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇവിടെ അനധികൃത ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ചിലര്‍ ഉപയോഗിക്കുമ്പോള്‍ മാത്രം ഇത് പ്രശ്നമാക്കുകയാണ് പതിവ് എന്നാണ് ആരോപണം.