ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ സ്വകാര്യ സ്‌കൂളില്‍ രണ്ടാംക്ലാസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ പതിനൊന്നാം ക്ലാസുകാരനെതിരേ സി.ബി.ഐ. വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Murder
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജസ്ബീര്‍ സിങ് കുണ്‍ഡു മുമ്പാകെയാണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിക്കാന്‍ അനുയോജ്യമായ സമയമല്ലെന്നുപറഞ്ഞാണ് പതിനാറുകാരന്റെ അപേക്ഷ തള്ളിയത്. അറസ്റ്റുചെയ്ത് 60 ദിവസത്തിനുള്ളില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യത്തിന് അവകാശമുണ്ടെന്ന് കൗമാരക്കാരനായ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നിര്‍ദിഷ്ട 60 ദിവസത്തെ സമയം നേരത്തേതന്നെ അവസാനിച്ചതാണെന്നും മതിയായ ജാമ്യത്തില്‍ വിട്ടയ്ക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. പ്രതിയുടെ ആവശ്യത്തിന് നിയമസാധുതയില്ലെന്ന് വാദിഭാഗം അഭിഭാഷകന്‍ ബോധിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് രാവിലെയാണ് രണ്ടാംക്ലാസുകാരനെ സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ സ്‌കൂള്‍ ബസ് കണ്ടക്ടറെ ഹരിയാണ പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ. പതിനൊന്നാംക്ലാസുകാരനെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ മുതിര്‍ന്നപൗരനായി കണക്കാക്കി വിചാരണ ചെയ്യണമെന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്കു വന്നത്.

Content highlights: Charge sheet, Crime news, CBI, Police,