കൊച്ചി: വീട്ടുജോലിക്കാരിയെ ശ്വാസംമുട്ടിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കര്‍ണാടക സ്വദേശിയായ മഹേന്ദ്രദേവ (61) നെയാണ് അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. മട്ടാഞ്ചേരി പാലസ് റോഡില്‍ പാലിയം െലയ്നില്‍ പാര്‍വതി ശിവരാമകൃഷ്ണന്റെ വീട്ടുജോലിക്കാരിയായ ശകുന്തളയെ (60) അതേ വീട്ടിലെ കാവല്‍ക്കാരനായ മഹേന്ദ്രദേവന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2017 ജനുവരി 23-നാണ് കൊലപാതകം നടന്നത്. 

Arrest
പ്രതീകാത്മക ചിത്രം

മറ്റാരും ഇല്ലാത്ത സമയം വീടു വൃത്തിയാക്കാനെത്തിയ ശകുന്തളയെ പ്രതി കയറിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് എതിര്‍ത്ത ശകുന്തളയെ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യത്തിനു ശേഷം വീടു പൂട്ടി താക്കോല്‍ അയല്‍പക്കത്ത് ഏല്‍പ്പിച്ച് പ്രതി മൈസൂരുവിലേക്കു കടന്നു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം മട്ടാഞ്ചേരി പോലീസ് പ്രതിയെ മൈസൂരില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

സാഹചര്യ തെളിവുകള്‍, ഡി.എന്‍.എ. ഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡീ. സെഷന്‍സ് കോടതി പ്രതിയെ ശിക്ഷിച്ചത്. 24 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. വിചാരണയുടെ ഭാഗമായി 32 രേഖകളും പരിശോധിച്ചു. മട്ടാഞ്ചേരി സി.ഐ. ടി.ആര്‍. സന്തോഷാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 

Content highlights: Kochi, Murder, Life sentence, Crime news