ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റ് ശിശുപരിപാലന കേന്ദ്രത്തിലെ ആയ രാജഗുരുവിനെ (41) കുട്ടികളുടെ മുന്‍പില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍. 18 വയസ്സുള്ള മകന്‍, ഭര്‍ത്താവ് മണികുമാര്‍ (49) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. സംഭവം നടക്കുമ്പോള്‍ മകന് പ്രായപൂര്‍ത്തിയായിരുന്നില്ല.

Arrestകഴിഞ്ഞവര്‍ഷം ഫെബ്രുവരി 14-ന് ഉച്ചയ്ക്കായിരുന്നു കൊലപാതകം. ശിശുപരിപാലന കേന്ദ്രത്തില്‍വെച്ച് രാജഗുരുവിനെ കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം സ്വര്‍ണമാല അപഹരിക്കുകയായിരുന്നു. സംഭവംനടന്ന ദിവസം പ്രദേശത്ത് മൂടല്‍മഞ്ഞായതിനാല്‍ കൊലപാതകികളെ ആരും കണ്ടിരുന്നില്ല. ആയിരത്തിലധികം പേരെ ചോദ്യം ചെയ്തെങ്കിലും മകനെയും അച്ഛനെയും പോലീസ് സംശയിച്ചിരുന്നില്ല. പിന്നീട് ഇവരുടെ അയല്‍വാസിയെ പ്രതിയാക്കാനുള്ള മണികുമാറിന്റെ ശ്രമം പോലീസിന് സംശയമുണ്ടാക്കി. ഇയാളുടെ വീടിനുസമീപം മാല കൊണ്ടിടുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അന്വേഷണം അച്ഛനിലേയ്ക്കും മകനിലേയ്ക്കും തിരിഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി തൊണ്ടിമുതല്‍ കണ്ടെത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.

പ്ലസ്ടുവരെ പഠിച്ച മകന്‍ പഠനം ഉപേക്ഷിച്ചിരുന്നു. രാജഗുരുവിന് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തമകന് വാഹനവും സ്വര്‍ണമാലയും വാങ്ങി നല്‍കി. തനിക്കും മാലയും ബൈക്കും വേണമെന്ന് ഇളയമകന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ മയക്കുമരുന്നിന് അടിമയായ മകന് ബൈക്കും മാലയും വാങ്ങികൊടുക്കാന്‍ അമ്മ തയ്യാറായില്ല. കൊലപാതകം നടത്തിയ ദിവസം രാവിലെ സുഹൃത്തുക്കളുമായി മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കെ അമ്മ ഫോണില്‍ വിളിച്ചു. അമ്മയാണ് വിളിക്കുന്നത്, ശല്യമാണ്, തീര്‍ക്കണമെന്ന് കൂട്ടുകാരോട് പറഞ്ഞാണ് മടങ്ങിയത്.

വെട്ടേറ്റുകിടക്കുന്ന രാജഗുരുവിനെ കണ്ട് ശിശുപരിപാലന കേന്ദ്രത്തിലെ കുട്ടികളുടെ അമ്മമാര്‍, സമീപത്തെ വീട്ടിലുണ്ടായിരുന്ന മകനോട് വിവരം പറഞ്ഞു. എന്നാല്‍ അവിടേയ്ക്കു പോകാന്‍ തയ്യാറായില്ല. ഭാര്യയെ കൊല്ലുന്ന കാര്യം മണികുമാറിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകന്റെ പക്കല്‍നിന്ന് മാല വാങ്ങുകയും സഹായിച്ചതും മണികുമാറാണ്. അന്വേഷണത്തില്‍ മൂന്നാര്‍ ഡിവൈ.എസ്.പി. എസ്.അഭിലാഷ്, സി.ഐ. സാം ജോസ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. സജിമോന്‍ ജോസഫ്, എസ്. സുബൈര്‍, സലില്‍ രവി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Content highlights: Arrest,