ബെംഗളൂരു: കോവിഡ് ആശങ്കകള്‍ക്കിടയിലും നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ സജീവം. മൂന്നാഴ്ചയ്ക്കിടെ നാലുകൊലപാതകങ്ങളാണ് ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തില്‍ നടന്നതെന്നാണ് പോലീസിന്റെ കണക്ക്. രണ്ടുകേസുകളില്‍ പട്ടാപ്പകലാണ് കൊലപാതകം നടന്നതെന്നത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിലുണ്ടായ പിഴവുകളാണ് ഗുണ്ടാസംഘങ്ങള്‍ വീണ്ടും സജീവമാകുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഇത്തരം സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് നിര്‍ദേശിച്ചു.

ജൂണ്‍ 24-ന് മുന്‍ കൗണ്‍സിലര്‍ രേഖ കതിരേഷ് കൊലപ്പെട്ടതാണ് നഗരത്തെ നടുക്കിയ കൊലപാതകങ്ങളിലൊന്ന്. ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കോട്ടണ്‍പേട്ടിലെ വീടിനുമുമ്പില്‍ രാവിലെ പത്തരയോടെ ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിലാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ രേഖയെ കുത്തിക്കൊന്നത്.

ഇവരുടെ ഭര്‍ത്താവ് കതിരേഷിന്റെ നേതൃത്വത്തില്‍ മുമ്പുണ്ടായിരുന്ന ഗുണ്ടാസംഘവുമായി ശത്രുതയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ ഇതുവരെ ആറു പേര്‍ പിടിയിലായി.

ജൂലായ് മൂന്നിന് ബനശങ്കരിയിലാണ് പട്ടാപ്പകല്‍ മറ്റൊരു കൊലപാതകം നടന്നത്. സ്വകാര്യപണമിടപാടു സ്ഥാപനമുടമയായ എന്‍. മദനനെ ആണ് നാട്ടുകാര്‍ നോക്കിനില്‍ക്കേ ആറംഗ ഗുണ്ടാസംഘം വെട്ടിക്കൊന്നത്. പൂര്‍വവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതില്‍ കീഴടങ്ങാനുള്ള നീക്കം പരാജയപ്പെട്ട ഏഴുപ്രതികള്‍ പോലീസിന്റെ പിടിയിലായത്. തൊട്ടടുത്ത ദിവസം കൃഷ്ണമൂര്‍ത്തിയെന്നയാളും ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാളുടെ എതിര്‍സംഘത്തില്‍ പെട്ട ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അധോലോക സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കരീം അലിയെന്ന ഗുണ്ടാനേതാവിനെ ജൂണ്‍ 22-നാണ് ബെംഗളൂരു ഗോവിന്ദപുരയില്‍ മറ്റൊരു ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. കേസില്‍ ചില പ്രതികള്‍ പിടിയിലായെങ്കിലും അന്വേഷണം തുടരുകയാണ്.

കഴിഞ്ഞവര്‍ഷത്തെ ലോക്ഡൗണിന് ശേഷം നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ താരതമ്യേന കുറവുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായി ഇത്തരം സംഘങ്ങള്‍ പൂര്‍വാധികം ശക്തിയാര്‍ജിക്കുകയാണ് ചെയ്തത്. ഗുണ്ടാസംഘങ്ങളില്‍ പെട്ടവരെ ഗുണ്ടാ ആക്ട് ചുമത്തി പിടികൂടാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.