തൃശൂര്‍: പുലാക്കോട് സ്വദേശി എഴുപതുകാരിയായ വീട്ടമ്മയെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പ്രഥമ വിവരം. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ്.

ബുധനാഴ്ചയാണ് കോട്ടപ്പുറം സുബ്രഹ്മണ്യന്‍ കോവിലിന് സമീപത്തെ വീട്ടുപറമ്പില്‍നിന്ന് പുലാക്കോട് പരേതനായ ചന്ദ്രന്‍ എഴുത്തച്ഛന്റെ ഭാര്യ ഒടുവത്തൊടിയില്‍ കല്യാണിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. കഴുത്തിനു ചുറ്റും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്. ബലപ്രയോഗത്തിനിടെ കാലിന് മുറിവും ഉണ്ടായിട്ടുണ്ട്. അഞ്ചു പവനോളം വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി മക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

മാല, രണ്ടുവളകള്‍, കമ്മല്‍ എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കാതുകീറാതെ കമ്മല്‍ ഊരിയെടുത്ത നിലയിലാണ്. വീട്ടിലെ പണത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ.

കൊലപാതകം മോഷണത്തിനാണെന്ന നിഗമനത്തില്‍ത്തന്നെയാണ് പോലീസും. കല്യാണിയുടെ വീടിനു തൊട്ടടുത്തുതന്നെയാണ് ബന്ധുക്കളുടെയും വീടുകള്‍. ബഹളം കേട്ടാല്‍ ഇവര്‍ ഓടിയെത്താനുള്ള സാധ്യതയും കൂടുതലാണ്. ഇതു മനസ്സിലാക്കിയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന വിലയിരുത്തലിലാണ് പോലീസും.

കൊലപാതകം നടന്നത് വീട്ടിലാണോ പറമ്പിലാണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് പോലീസ്. വീട്ടിനുള്ളില്‍നിന്ന് തെളിവുകളൊന്നുംതന്നെ ലഭിച്ചിട്ടില്ല. പറമ്പില്‍നിന്നും കാര്യമായ തെളിവുകള്‍ ലഭ്യമായിട്ടുമില്ല. രണ്ടുദിവസം പെയ്ത തുടര്‍ച്ചയായ മഴയാണ് തെളിവുകള്‍ ലഭ്യമാകാതിരിക്കാന്‍ ഇടയാക്കിയത്.

ചേലക്കര സി.ഐ. വിജയകുമാരന്‍, ചേലക്കര എസ്.ഐ.സിബീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പ്രദേശത്തെ വീടുകള്‍ ചുറ്റിപ്പറ്റി വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

ചാക്കില്‍ നടുഭാഗം വളച്ചൊടിച്ച് തിരുകിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. കാലും കഴുത്തും ചേര്‍ത്തുപിടിച്ചു കെട്ടിയാണ് ചാക്കിലിറക്കിയിട്ടുള്ളത്. കാലുകള്‍ പുറത്തു കാണാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കവറില്‍ കാലിന്റെ ഭാഗം പൊതിഞ്ഞുകെട്ടിയിട്ടുമുണ്ട്. കാലുകള്‍ മാത്രമേ പുറത്തുകാണാനുണ്ടായിരുന്നുള്ളൂ. അയല്‍വാസി ജയന്തിയുടെ ശ്രദ്ധയില്‍പ്പെട്ടതും കാലുകള്‍തന്നെയാണ്.

കല്യാണിയുടെ വീട്ടില്‍നിന്ന് ഏകദേശം 150 മീറ്റര്‍ ദൂരംമാറിയാണ് മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ വീട്ടില്‍നിന്ന് ഇത്രയുംദൂരം മൃതദേഹം കൊണ്ടുവരാനും ചാക്കിലാക്കാനും ഒരാളെക്കൊണ്ട് സാധിക്കില്ലെന്ന നിഗമനത്തില്‍ത്തന്നെയാണ് പോലീസും.

ചാക്കില്‍നിന്നു കല്യാണിയുടെ മൊബൈല്‍ഫോണും വീടിന്റെ താക്കോലും ലഭിച്ചു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കവും ഉണ്ടായിരുന്നു.

കിടപ്പുമുറിയിലെ കൈപ്പത്തി അടയാളത്തെപ്പറ്റിയും അന്വേഷണം

കല്യാണിയുടെ വീടിനകത്ത് കിടപ്പുമുറിയില്‍ നിന്ന് ലഭിച്ച കൈപ്പത്തി അടയാളത്തെ കേന്ദ്രീകരിച്ചും അന്വേഷണം. കൈപ്പത്തി അടയാളം ആരുടേതെന്ന് വ്യക്തമായിട്ടില്ല.

വിരലടയാളവിദഗ്ധര്‍, ശാസ്ത്രീയ തെളിവുശേഖരണ വിദഗ്ധര്‍, സൈബര്‍സെല്‍, ശ്വാനസേന എന്നിവരുടെയെല്ലാം സഹായത്തോടെയാണ് അന്വേഷണം നീങ്ങുന്നത്. മൃതദേഹപരിശോധനയ്ക്കിടെ ദേഹത്ത് വിസര്‍ജ്യം കണ്ടിരുന്നു.

പ്രദേശവാസികളില്‍നിന്ന് വിവരങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞു. പുതിയതായി പ്രദേശത്ത് വന്നവരെ സംബന്ധിച്ചും ഇതര ജില്ല-സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുമെല്ലാമാണ് അന്വേഷണം.

വീട്ടില്‍ വന്നുപോയിരുന്നവരെയും സ്ഥിരം സന്ദര്‍ശകരെയും ബന്ധുക്കളെയും മക്കളെയുമെല്ലാം പോലീസ് ചോദ്യംചെയ്തു.

തൃശ്ശൂര്‍ ശ്വാനസേനയിലെ ഡോണ എന്ന നായ മണംപിടിച്ച് പോയ വഴികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കല്യാണിയുടെ വീടിന് പുറകിലെ പറമ്പിലൂടെയും വീതി കുറഞ്ഞ വഴികളിലൂടെയുമെല്ലാമാണ് ഡോണ പോയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ കല്യാണിയുടെ ഫോണിലേക്ക് വന്നിട്ടുള്ള കോളുകളെപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. വീട് അടച്ചിട്ട നിലയിലാണ് കണ്ടത്.

വിരലടയാളവിദഗ്ധരും ശാസ്ത്രീയ തെളിവുശേഖരണ വിദഗ്ധരും വീട്ടിലും പറമ്പിലുമെത്തി പരിശോധന നടത്തി. വീട്ടില്‍നിന്നും പുറത്തുനിന്നും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. വീടിനുള്ളില്‍നിന്ന് രക്തത്തിന് സമാനമായ ചിലത് കണ്ടെത്തിയതും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മഴപെയ്തതിനാല്‍ വീടിന് പുറത്തുള്ള തെളിവുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന വിലയിരുത്തലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ഓണത്തിന് ദിവസങ്ങള്‍ക്കുമുമ്പാണ് രണ്ട് സ്വര്‍ണവള കല്യാണി വാങ്ങിയത്. ഇതറിയുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

കൊലനടത്തിയ ശേഷം 200 മീറ്റര്‍ അകലെയുള്ള പെരുംകുളത്തില്‍ കല്ലുകെട്ടിത്താഴ്ത്താനുള്ള ശ്രമത്തിനിടെ ആളനക്കമോ വീടുകളിലെ വെളിച്ചമോ മറ്റോ കണ്ട് പേടിച്ച് പറമ്പില്‍ മൃതദേഹം വലിച്ചെറിഞ്ഞെന്ന നിഗമനത്തിലാണ് പോലീസ്.

കുന്നംകുളം ഡിവൈ.എസ്.പി. വിശ്വംഭരന്‍, ചേലക്കര സി.ഐ. വിജയകുമാരന്‍, ചേലക്കര എസ്.ഐ. സിബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.