ഊട്ടി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കാത്തു നില്‍ക്കുന്നതിനിടെ പ്രതി കോടതിയില്‍നിന്ന് മുങ്ങി. ഇതിനുപിന്നാലെ തിരച്ചില്‍ നടത്തി പോലീസ് പ്രതിയെ കണ്ടെത്തിയപ്പോഴേക്കും കോടതിയുടെ പ്രവര്‍ത്തനസമയം കഴിഞ്ഞു. തുടര്‍ന്ന് ശിക്ഷ വിധിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ഊട്ടി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു പോലീസിനെ വലച്ച സംഭവം.

2017-ല്‍, മകളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയ ഭാര്യ അന്തോണിയമ്മാളിനെ (53) കുത്തിക്കൊന്ന കേസിലാണ് എടപ്പള്ളി സ്വദേശി  ബെന്നി(58) ജയിലിലായത്.  പിന്നീട് ജാമ്യം ലഭിച്ച ബെന്നി ശിക്ഷാവിധി കേള്‍ക്കാനാണ് കോടതിയിലെത്തിയത്. വിചാരണ കഴിഞ്ഞ് വിധി പ്രസ്താവം കേള്‍ക്കാനായി ചൊവ്വാഴ്ച രാവിലെതന്നെ ബെന്നി എത്തിച്ചേര്‍ന്നു. 

പത്തരയോടെ ബെന്നി കുറ്റവാളിയാണെന്ന് കോടതി വിധിച്ചു. വിധിപ്രസ്താവം ഉച്ചയ്ക്കു മൂന്നിന് നടത്തുമെന്നും അറിയിച്ചു. രണ്ടുമണി വരെ കോടതി പടിക്കല്‍ നിന്ന ബെന്നി, പോലീസിന്റെ ശ്രദ്ധ തെറ്റിയതോടെ പതിയെ കോടതിപ്പടി ഇറങ്ങി മുങ്ങി. കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ പോലീസ് ബെന്നിയെ തേടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത കൊലകമ്പ  പൊലീസ് നഗരം മുഴുവന്‍ പരക്കം പാഞ്ഞു.

ഇതിനിടെ, കോടതിയില്‍നിന്നിറങ്ങിയ ബെന്നി മൂക്കറ്റം മദ്യപിച്ച ശേഷം നഗരത്തില്‍നിന്ന് കടക്കുകയും നീലഗിരിയുടെ പ്രാന്തപ്രദേശമായ വണ്ടിചോലയിലെത്തുകയും ചെയ്തിരുന്നു. പല വഴികളിലൂടെ പലയിടങ്ങളിലായി അന്വേഷിച്ചുനടന്ന പോലീസ് ഒടുവില്‍ ഇയാളെ കണ്ടെത്തിയപ്പോഴേക്കും കോടതി പിരിഞ്ഞിരുന്നു.

വിധി കേള്‍ക്കാന്‍ പ്രതി എത്താത്തതിനാല്‍ ജഡ്ജി ശിക്ഷാവിധി ബുധനാഴ്ചത്തേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം ഭയന്ന് തിരിച്ചുകിട്ടിയ ബെന്നിയുമായി ഊട്ടിയിലെ കോച്ചുന്ന തണുപ്പിനിടയിലും കാവലിരുന്ന് നേരം വെളുപ്പിക്കുകയാണ് കൊലകമ്പ പോലീസ്.

content highlights: murder case accused eloped from court during the time of verdict declaration