തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലുള്ളവരുമായി സംഭവത്തിനു മുൻപ് ഫോണിൽ ബന്ധപ്പെട്ടവരാണ് മൂവരും. ഇവർക്ക് ഗൂഢാലോചനയിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിശദമായി ചോദ്യംചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളു.

ബുധനാഴ്ച ഉച്ചയോടെയാണ് ആർഎസ്എസ് പ്രവർത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായ എബിയ്ക്ക് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് എബിയെ വെട്ടിയത്.
അക്രമി സംഘത്തെ അനുഗമിച്ച് ഒരു കാറും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാർ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള എബിയെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴക്കൂട്ടം സൈബർസിറ്റി എ.സി.യുടെ നേതൃത്വത്തിൽ ശ്രീകാര്യം പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights:murder case accused attacked in trivandrum three in police custody