ഹരിപ്പാട്: കൊലപാതകക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ യുവാവിന്റെ വീട്ടിൽനിന്ന് 1.2 കിലോഗ്രാം കഞ്ചാവ് പിടികൂടി. കരുവാറ്റ സ്വദേശി ജിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാംപ്രതി കരുവാറ്റ വടക്ക് അഞ്ജലിവീട്ടിൽ മനു(കുഞ്ചപ്പൻ-31)വിന്റെ വീട്ടിൽ ഹരിപ്പാട് പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവുപൊതികൾ കണ്ടെത്തിയത്.

വിൽപ്പനയ്ക്കായി ചെറിയ പൊതികളിലാക്കി സൂക്ഷിച്ചതുൾപ്പെടെയാണ് പിടികൂടിയിരിക്കുന്നത്. മനുവിനെ പോലീസ് അറസ്റ്റുചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിലെ പോലീസ് സംഘം ബുധനാഴ്ച രാവിലെയാണ് മനുവിന്റെ വീട്ടിലെത്തിയത്.

മനുവിന്റെ മുറിയിൽ അലമാരയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പോലീസെത്തുമ്പോൾ മനു വീട്ടിലുണ്ടായിരുന്നു. ഇയാളെ നിരീക്ഷണത്തിൽ വെച്ചാണ് വീട്ടിൽ തിരച്ചിൽ നടത്തിയത്. കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റുചെയ്യുകയായിരുന്നു.

എസ്.ഐ. അജിത്‌കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജയൻ, സിവിൽപോലീസ് ഓഫീസർ നിഷാദ്, ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക സംഘത്തിലെ എസ്.ഐ. ഇല്യാസ്, എ.എസ്.ഐ. സന്തോഷ്, സിവിൽപോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു