പാലക്കാട്: സാമ്പത്തിക ഇടപാട് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം.പെരിന്തല്‍മണ്ണ താഴേക്കോട് ചോലമുഖത്ത് ഫാസിലിനെയാണ് (27) അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അമ്പലപ്പാറ ചുനങ്ങാട് സ്വദേശി പി. ഉസ്മാനെ (32) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തു. ഇടിയേറ്റ് തെറിച്ച് വീഴാതെ ബോണറ്റില്‍ അള്ളിപ്പിടിച്ച ഫാസിലിനെ വേഗത്തില്‍ കാറോടിച്ച് തള്ളിയിടാന്‍ ശ്രമിച്ചു. എന്നിട്ടും വീഴാതിരുന്നപ്പോള്‍ കാര്‍ നേരെ ഓടിച്ച് കയറ്റിയത് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലേക്ക്. ബുധനാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം.

സംഭവം ഇങ്ങനെ

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബെല്‍റ്റ്, തൊപ്പി എന്നിവയുടെ മൊത്തവ്യാപാരം നടത്തുന്നയാളാണ് ഫാസില്‍. സെപ്റ്റംബര്‍ 19ന് ഉസ്മാന്‍ ഫാസിലിന്റെ അടുത്ത് നിന്ന് 70,000 രൂപയുടെ സാധനങ്ങള്‍ കച്ചവടത്തിനായി വാങ്ങി.ഉസ്മാന്റെ സഹോദരനുമായുള്ള പരിചയത്തിന്റെ പേരില്‍ പണം വാങ്ങാതെയാണ് സാധനങ്ങള്‍ നല്‍കിയത്. പിന്നീട് പണം ആവശ്യപ്പെട്ട് വിളിച്ചപ്പോഴൊന്നും ഉസ്മാന്‍ അത് നല്‍കാതെ ഓരോ ഒഴിവുകള്‍ പറഞ്ഞുകൊണ്ടിരുന്നു.

പല തവണ സാവകാശം നല്‍കിയിട്ടും പണം തിരികെ നല്‍കാന്‍ ഉസ്മാന്‍ തയ്യാറായില്ല. ഇതോടെ പണം ചോദിക്കാന്‍ കൂട്ടുകാരുമൊത്ത് ഉസ്മാന്‍ യാത്ര ചെയ്യുന്ന വഴിയില്‍ കാത്ത് നിന്നതായിരുന്നു ഫാസില്‍.ഉസ്മാന്‍ വാഹനമോടിച്ചുവരുമ്പോള്‍ കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്നും തുടര്‍ന്ന് തന്നെ കാറിടിപ്പിച്ചെന്നും ഫാസില്‍ പറയുന്നു. കാറിന്റെ ബോണറ്റില്‍ ഫാസില്‍ പിടിച്ചുതൂങ്ങി. തുടര്‍ന്ന്, ഉസ്മാന്‍ വേഗം വാഹനമോടിച്ച് വീഴ്ത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഫാസിലിന്റെ സുഹൃത്തുക്കള്‍ മറ്റൊരുകാറില്‍ പിന്നാലെവന്നപ്പോള്‍ ഉസ്മാന്‍ കാര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയെന്നുമാണ് പരാതിയില്‍ പറയുന്നത്.ഫാസിലിനെ ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകരമായി വാഹനമോടിച്ചതിന് ഉസ്മാനെതിരേ കേസെടുത്തെന്നും ലൈസന്‍സ് റദ്ദാക്കുന്നതിനായി മോട്ടോര്‍വാഹനവകുപ്പിനെ സമീപിക്കുമെന്നും ഒറ്റപ്പാലംപോലീസ് അറിയിച്ചു.

Content Highlights: murder attempt by hitting with car